അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എക്‌സിന് നോട്ടീസയച്ച് കേന്ദ്രം. എക്സ് പ്ലാറ്റ്ഫോമിലെ AI അടിസ്ഥാന സംവിധാനമായ ഗ്രോക് (Grok) ദുരുപയോഗം ചെയ്ത് കൊണ്ട് ലൈംഗിക ചുവയുള്ള ഉള്ളടക്കങ്ങൾ ഹോസ്റ്റ് ചെയ്യുക, സൃഷ്ടിക്കുക, നഗ്ന ചിത്രങ്ങൾ നിർമിക്കുക ,ഷെയർ ചെയ്യുക ,അപ്‌ലോഡ് ചെയ്യുക തുടങ്ങിയവ തടയണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം കത്തയച്ചിരിക്കുന്നത്. ഗ്രോക് ഉപയോഗിച്ച് ഉപയോക്താക്കൾ കൃത്രിമ ചിത്രങ്ങൾ നിർമിക്കുന്നതായും ,ഇത് സ്ത്രീകളുടെ സ്വകാര്യതയെ കാര്യമായി ബാധിക്കുന്നതായും കത്തിൽ പറയുന്നു. അതിനാൽ ഇത്തരം ഉള്ളടക്കങ്ങൾ തടയുന്നതിനായി ഗ്രോക്കിന്റെ സംവിധാനങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും, മോശം ഉള്ളടക്കങ്ങളെല്ലാം ഒഴിവാക്കണമെന്നും, ഇതിൽ എക്സിന്റെ ഭാഗത്ത് നിന്ന് കർശന നടപടി ഉണ്ടാകണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.
എ ഐ ചാറ്‌ബോട്ടായ ജെമിനിയിലൂടെ ഇത്തരത്തിൽ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഗ്രോക്കും ഇതേ പരാതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പുതുവർഷ ദിനത്തിൽ ഗായികയായ ജൂലി യുകാരി തന്റെ ചിത്രം എക്‌സിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഗായികയുടെ ചിത്രം ഗ്രോക് ഉപയോഗിച്ച് അർധനഗ്നമാക്കുകയും സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെയാണ് പരാതികൾ പുറത്തുവരാൻ തുടങ്ങിയത്. തന്റെ ചിത്രങ്ങൾ ഗ്രോക്കിലൂടെ മാറ്റം വരുത്താൻ സാധിക്കില്ലെന്നാണ് കരുതിയതെന്നാണ് ജൂലി യുകാരി പറയുന്നത്. മുതിർന്നവരുടെ മാത്രമല്ല കുട്ടികളുടെ അടക്കം നിരവധി ചിത്രങ്ങൾ എക്‌സിലൂടെ പ്രചരിക്കുന്നുണ്ടെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള വാർത്ത ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. ഗ്രോകിന്റെ സഹായത്തോടെ നിർമിച്ച ബിക്കിനി ധരിച്ച് നിൽക്കുന്ന എലോൺ മസ്കിന്റെ ചിത്രവും സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഈ ചിത്രത്തിന് താഴെ മസ്‌ക് പങ്കുവെച്ച കമന്റും വ്യാപക പ്രതിഷേധത്തിന് കാരണമായി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ലെന്നും, ഇത് കണ്ടിട്ട് തനിക്ക് ചിരി അടക്കാൻ സാധികുന്നില്ലെന്നുമുള്ള കമന്റായിരുന്നു അദ്ദേഹം പങ്കുവെച്ചത്. മസ്‌ക് ഇത്തരം കാര്യങ്ങൾ തമാശയായി കാണുന്നത് വളരെ ഗൗരവകരമാണെന്നാണ് ഉപയോക്താക്കളുടെ അഭിപ്രായം. യഥാർത്ഥ ഉപഭോക്താക്കളുടെ ചിത്രങ്ങളാണ് അർധനഗ്നമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് ആഗോളതലത്തിൽ പോലും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ഇന്ത്യ മാത്രമല്ല ഫ്രാൻസിലെ മന്ത്രിമാർ ഉൾപ്പടെയുള്ളവർ എക്‌സിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 2023 പ്രകാരം 72 മണിക്കൂറിനുള്ളിൽ കത്തിന് മറുപടി സമർപ്പിക്കാൻ കേന്ദ്ര സർക്കാർ എക്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
.jpg)


Post a Comment