മുംബൈയിൽ പ്രണയപ്പക: കാമുകന്റെ 19-കാരിയായ കാമുകിയെ യുവതി വെടിവെച്ചു കൊന്നു, അറസ്റ്റ്


പ്രണയത്തർക്കത്തെത്തുടർന്ന് 19 വയസ്സുകാരിയെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു. ഷിഫ ഷെയ്ഖ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 25 വയസ്സുള്ള യുവതിയെയും 23 വയസ്സുള്ള യുവാവിനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ശിവാജി നഗറിൽ ഫുർഖാനിയ മസ്ജിദ് പരിസരത്ത് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് ആണ് പൊലീസ് കരുതുന്നത്. കേസിലെ പ്രധാന പ്രതിയായ 25-കാരി ഷിഫയെ ഫോണിൽ വിളിച്ച് മസ്ജിദ് പരിസരത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെവെച്ച് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും, പ്രതി ഷിഫയുടെ മുഖത്തേക്ക് അടുത്തുവെച്ച് വെടിവെക്കുകയും ചെയ്തു. വെടിയുണ്ട ഷിഫയുടെ കവിളിലൂടെ തുളച്ചുകയറി തലയോട്ടിയിൽ തറച്ച നിലയിലായിരുന്നു. ഉടൻ തന്നെ ഷിഫയെ ഘാട്കോപ്പറിലെ രാജവാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും പ്രാഥമിക വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിൽ, കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ രണ്ട് പ്രതികളെയും പൊലീസ് വലയിലാക്കി. പിടിയിലായ 25 വയസ്സുകാരിയാണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post

AD01