2024-25 കാലയളവിലും വീട്ടിലെ പ്രസവങ്ങളില്‍ കാര്യമായ കുറവില്ല; വീടുകളില്‍ നടന്നത് 428 പ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്


വീടുകളിലെ പ്രസവത്തില്‍ നിന്ന് ദമ്പതികളെ പിന്തിരിപ്പാനുള്ള ബോധവത്ക്കരണം തുടരുമ്പോഴും സംസ്ഥാനത്ത് ഇക്കാലത്തും വീടുകളില്‍ പ്രസവം വ്യാപകമായി നടക്കുന്നു. 2024-25 കാലയളവില്‍ മാത്രം 428 പ്രസവങ്ങളാണ് വീടുകളില്‍ നടന്നത്. ആരോഗ്യവകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മലപ്പുറത്താണ് വീടുകളിലെ പ്രസവം ഏറ്റവും കൂടുതല്‍. 2024-25 കാലയളവില്‍ മലപ്പുറം ജില്ലയില്‍ മാത്രം 191 പ്രസവങ്ങള്‍ വീടുകളില്‍ നടന്നു. പത്തനംതിട്ടയിലാണ് വീട്ടിലെ പ്രസവം ഏറ്റവും കുറവ്. ഇത്തരം ആറ് സംഭവങ്ങളാണ് പത്തനംതിട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് 21 പ്രസവങ്ങളും കൊല്ലത്ത് 20 പ്രസവങ്ങളുമാണ് വീടുകളില്‍ നടന്നത്. പത്തനംതിട്ട-6, ആലപ്പുഴ-9, കോട്ടയം-10, ഇടുക്കി-37, എറണാകുളം-24, തൃശ്ശൂര്‍-15, പാലക്കാട്-16, കോഴിക്കോട്- 24, വയനാട്- 24, കണ്ണൂര്‍-16, കാസര്‍ഗോഡ്- 15 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. 2023-24 കാലയളവില്‍ സംസ്ഥാനത്ത് വീടുകളിലെ പ്രസവങ്ങള്‍ 523 എണ്ണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024-25 കാലയളവില്‍ വീട്ടിലെ പ്രസവങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ഇപ്പോള്‍ പ്രസവത്തിനായി സ്ത്രീകള്‍ ആശുപത്രികളിലെത്തിച്ചേരാത്തത് ആശങ്കയുണര്‍ത്തുന്നുണ്ട്. വിദഗ്ധരുടെ സഹായമില്ലാതെ വീട്ടില്‍ വച്ച് സംഭവിക്കുന്ന പ്രസവങ്ങള്‍ അമ്മയുടേയും ഗര്‍ഭസ്ഥ ശിശുവിന്റേയും ജീവന് പോലും ഭീഷണിയാണ്. ആരോഗ്യവകുപ്പ് വീട്ടിലെ പ്രസവങ്ങള്‍ക്കെതിരായി ശക്തമായ ക്യാംപെയ്ന്‍ നടത്തുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വീട്ടിലെ പ്രസവങ്ങളെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും അശാസ്ത്രീയവും അവാസ്തവവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ട്.



Post a Comment

أحدث أقدم

AD01