ഈ 5 ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കി ക‍ഴിക്കല്ലേ, പണി കിട്ടും


വീട്ടിൽ ബാക്കിയാകുന്ന ഭക്ഷണം നിങ്ങൾ എന്താണ് ചെയ്യാറ്? ചിലർ ഈ ഭക്ഷണം വേസ്റ്റ് ബിന്നിലേക്ക് തട്ടും, മറ്റ് ചിലരാകട്ടെ ഫ്രിഡ്ജിലോ മറ്റോ കയറ്റിവെച്ച് അടുത്ത ദിവസത്തേക്ക് എടുക്കും. ഇങ്ങനെ എടുത്തുവയ്ക്കുന്ന ഭക്ഷണം അടുത്ത ദിവസം ചൂടാക്കി ഉപയോഗിക്കുകയാണഅ പതിവ്.

എന്നാൽ ബാക്കിയാകുന്ന എല്ലാത്തരം ഭക്ഷണവും ഇത്തരത്തിൽ ചൂടാക്കി ക‍‍ഴിക്കാൻ പാടില്ല. വീണ്ടു ചൂടാക്കിയാല്‍ വിഷാംശം ഉണ്ടാക്കുന്ന ഭക്ഷണങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അത്തരത്തിലുളള അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ചോറ്

വേവിച്ച ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നത് മിക്ക വീടുകളിലും പതിവാണ്. എന്നാല്‍ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് പലർക്കും അറിയില്ല. അസംസ്‌കൃത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജകോശങ്ങള്‍ അടങ്ങിയിട്ടുണ്ടത്രേ. കൂടുതല്‍ സമയം മുറിയിലെ താപനിലയില്‍ വേവിച്ച ചോറ് വയ്ക്കുമ്പോള്‍ ഈ ബീജകോശങ്ങള്‍ പെരുകി വിഷ വസ്തുക്കള്‍ ഉത്പാദിപ്പിക്കും. ഈ ചോറ് വീണ്ടും ചൂടാക്കുമ്പോള്‍ ഇവ നശിക്കുന്നുമില്ല.

മറിച്ച് അരി വേവിച്ചെടുത്ത ശേഷം വേഗത്തില്‍ തണുപ്പിച്ച് ഒരു മണിക്കൂറിനുള്ളില്‍ റഫ്രിഡ്ജറേറ്ററിലേക്കാം മാറ്റാം. ഇത് ഒരു തവണ മാത്രമേ നന്നായി ചൂടാക്കാൻ പാടുള്ളൂ. രാത്രി മുഴുവന്‍ പുറത്തുവച്ച ശേഷം ചോറ് അടുത്ത ദിവസം വീണ്ടും ചൂടാക്കുന്നത് ഭക്ഷ്യവിഷബാധ ഉണ്ടാകാൻ ഇടയാക്കും.

മുട്ട

ചൂടാകുമ്പോള്‍ മുട്ടകളുടെ ഘടന മാറും. വേവിച്ച മുട്ടകള്‍, അതുപോലെ സ്‌ക്രാംബിള്‍ഡ് എഗ്ഗ്‌സ്, ഓംലെറ്റുകള്‍, മുട്ട കറികള്‍ എന്നിവ വീണ്ടും ചൂടാക്കുന്നത് സുരക്ഷിതമല്ല. വീണ്ടും ചൂടാക്കുന്നത് മാത്രമല്ല, സാവധാനത്തില്‍ തണുപ്പിച്ചതിന് ശേഷം വീണ്ടും ചൂടാക്കുന്നതും പ്രശ്‌നമാണ്.

മുറിയിലെ താപനിലയിലുള്ള മുട്ടകള്‍ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. വീണ്ടും ചൂടാക്കുമ്പോള്‍ ബാക്ടീരിയകള്‍ പെരുകും. മുട്ട കറികള്‍ ഒന്നിലധികം തവണ വീണ്ടും ചൂടാക്കാനും പാടില്ല.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്മിക്ക വീടുകളിലും സ്ഥിരം കാണുന്ന പച്ചക്കറിയാണ്. ഇവ പാചകം ചെയ്യുമ്പോള്‍ സുരക്ഷിതമാണെങ്കിലും പാകം ചെയ്തുകഴിഞ്ഞ് സൂക്ഷിക്കുന്നതിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. വേവിച്ച ഉരുളക്കിഴങ്ങ് മുറിയിലെ താപനിലയില്‍ വയ്ക്കുമ്പോള്‍ ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ വളരുന്നു. പ്രത്യേകിച്ച് ഫോയില്‍ കൊണ്ട് പൊതിഞ്ഞതോ റഫ്രിഡ്ജറേറ്ററില്‍ വയ്ക്കാതെ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കുന്നതോ ആണെങ്കിൽ ബാക്ടീരിയകളുടെ വളർച്ച വേഗത്തിലാകും‍.

വീണ്ടും ചൂടാക്കിയാലും ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ ഇല്ലാതാവില്ല . ഉരുളക്കിഴങ്ങ് വീണ്ടും ചൂടാക്കണമെന്നാണെങ്കില്‍, അവ വേഗത്തില്‍ തണുപ്പിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിച്ച് നന്നായി ചൂടാക്കാം.

കോഴിയിറച്ചിയും മറ്റ് മാംസങ്ങളും

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കുന്നത് സുരക്ഷിതമല്ല. കോഴിയിറച്ചി തണുപ്പിക്കുകയും തെറ്റായി വീണ്ടും ചൂടാക്കുകയും ചെയ്യുമ്പോള്‍ അതിന്റെ പ്രോട്ടീന്‍ ഘടന മാറുന്നു. ഇത് ക‍ഴിക്കുന്നത് ദഹിക്കാന്‍ ബുദ്ധിമുട്ടാക്കും. കൂടാതെ ബാക്ടീരിയ മലിനീകരണ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

മാംസം മുഴുവന്‍ ചൂടോടെ ആവിയില്‍ വേവിച്ച് കഴിക്കുന്നതാണ് നല്ലത്‍. ഒരിക്കലും ഭാഗികമായി ചൂടാക്കി ക‍ഴിക്കരുത്. ഒന്നിലധികം തവണ വീണ്ടും ചൂടാക്കുമ്പോള്‍ അപകടസാധ്യതയും കൂടും.

ചീരയും മറ്റ് ഇലക്കറികളും

ചീര, കാബേജ് തുടങ്ങിയ ഇലക്കറികളില്‍ നൈട്രേറ്റുകളുണ്ടല്ലോ. ഇവ പാകം ചെയ്ത് സാവധാനം തണുപ്പിക്കുമ്പോള്‍, ദഹനപ്രശ്നങ്ങള്‍ക്കും ദീര്‍ഘകാല ആരോഗ്യ അപകടങ്ങള്‍ക്കും കാരണമാകുന്ന സംയുക്തങ്ങളായ നൈട്രൈറ്റുകളും നൈട്രോസാമൈനുകളും ആയി ഈ നൈട്രേറ്റുകള്‍ മാറും. വീണ്ടും ചൂടാക്കുമ്പോള്‍ ഈ പ്രവർത്തനം വേഗത്തിലാകും.

ഇങ്ങനെ ചെയ്യുന്നതിലൂടെ ഉടനടി വിഷബാധയുണ്ടാക്കില്ലെങ്കിലും ഇലക്കറികള്‍ ആവര്‍ത്തിച്ച് ചൂടാക്കുന്നത് സുരക്ഷിതമല്ല. പ്രത്യേകിച്ച് കുട്ടികള്‍ക്ക് കൊടുക്കുന്നത്. ഇവ പാചകം ചെയ്ത ഉടനെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.



Post a Comment

Previous Post Next Post

AD01