കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് കേന്ദ്രം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു



വിദേശ ഭാഷകളുടെ പഠനത്തിനായി കല്യാശേരി മണ്ഡലത്തിൽ ആരംഭിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഭാഷാവൈവിധ്യത്തോടൊപ്പം ഗവേഷണം, വിദ്യാഭ്യാസം, സാംസ്കാരിക വൈവിധ്യം എന്നിവ വിദ്യാർഥികളിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന് പ്രാധാന്യം നൽകുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.കേരളത്തിലെ പ്രാദേശിക ഭാഷകളുടെയും മറ്റു ഇന്ത്യൻ, ആഗോള ഭാഷകളുടെയും പഠന-ബോധന പ്രക്രിയ മെച്ചപ്പെടുത്താനും നവീന പഠനരീതികളും സാങ്കേതിക വിദ്യകളും ഗവേഷണവും ആവിഷ്കരിച്ച് കേരളത്തെ ഭാഷാമികവിന്റെ ആഗോളകേന്ദ്രമായി മാറ്റാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. എം വിജിൻ എംഎൽഎ അധ്യക്ഷനായി. പിലാത്തറ കോപ്പറേറ്റീവ് ആർട്സ് ആൻ്റ് സയൻസ് കോളേജിലാണ് ലാംഗ്വേജ് നെറ്റ് വർക്ക്‌ ഉപകേന്ദ്രം ആരംഭിക്കുന്നത്. തുടക്കത്തിൽ കമ്മ്യൂണിക്കേറ്റീവ് അറബിക്, ജർമ്മൻ എ വൺ സർട്ടിഫിക്കറ്റ് കോഴ്സുകളും സ്കൂൾവിദ്യാർഥികൾക്കായുള്ള വിദേശഭാഷാ കോഴ്സുകളുമാണ് ആരംഭിക്കുക. കേരള ഗവണ്മെന്റ്, കേരള ഹയർ എഡ്യുക്കേഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മലയാള സർവ്വകലാശാലയിൽ സ്ഥാപിച്ച മികവിന്റെ കേന്ദ്രമാണ് “കേരള ലാംഗ്വേജ് നെറ്റ്‌വർക്ക്”. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തിൽ എത്തിക്കാൻ സ്ഥാപിച്ച ഏഴ് മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നാണ് കല്യാശ്ശേരിയിലേത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ബബിതകുമാരി, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം പി വി ജയശ്രീ ടീച്ചർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഭാനുമതി, ഗ്രാമപഞ്ചായത്ത് അംഗം എം വി ദീപേഷ്, പിലാത്തറ സഹകരണ കോളേജ് ചെയർമാൻ ഐ.വി ശിവരാമൻ, ഇ പി ബാലകൃഷ്ണൻ, സി മോഹൻദാസ്, കോളേജ് പ്രിൻസിപ്പൽ ഡോ. കെ എം പ്രസീദ്, ഡയറക്ടർ ഡോ. കെ.എച്ച് സുബ്രഹ്മണ്യൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments