ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

 



ശ്രീകണ്ഠപുരം : രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സ്വപ്ന പദ്ധതി, കണ്ണൂര്‍ ജില്ലയിലെ കല്യാട് സ്ഥാപിച്ച ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഐആര്‍ഐഎ കാമ്പസില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യം-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായാണ് ഐആര്‍ഐഎ സ്ഥാപിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കല്യാട് 300 ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്ത് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി. രാജ്യത്തിന് തന്നെ മാതൃകയായ ഈ ബൃഹത്തായ സ്ഥാപനത്തിന്റെ ആദ്യഘട്ടം 200 കോടി രൂപ ചെലവഴിച്ചാണ് സജ്ജമായിരിക്കുന്നത്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണ കേന്ദ്രവും നഴ്‌സറിയും താളിയോല പഠന കേന്ദ്രവുമാണ് ആദ്യഘട്ടത്തില്‍ സജ്ജമാവുന്നത്. ആയുര്‍വേദത്തിന്റെ ശാസ്ത്രീയ മഹത്വവും പ്രായോഗിക പ്രയോജനങ്ങളും ഗവേഷണത്തിലൂടെ ലോക സമൂഹവുമായി പങ്കുവെക്കുന്ന ഈ കേന്ദ്രം നാടിന്റെ അഭിമാനമാണ്. ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന കൂടിയാണ്. താളിയോലകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത അറിവുകള്‍ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുന്നു. ആയുര്‍വേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്. ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. നാല്‍പ്പത്തിലധികം ദേശീയ അന്തര്‍ദേശീയ ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നതിന് താല്‍പര്യം അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ കാന്‍സര്‍, ഏജിംഗ് എന്നിവയിലെ ഗവേഷണത്തിനും അനുബന്ധ രോഗീപരിചരണത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഗണന നല്‍കും. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഗവേഷണവുമായി സഹകരിക്കും. ആയുര്‍വേദ ഗവേഷണത്തിലെ സുപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് ആയുര്‍വേദിക് ബയോളജി ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ആയുര്‍വേദ, മെഡിസിനല്‍ പ്ലാന്റ്‌സ് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്ട്‌സ്, ട്രാന്‍സ്ലേഷണല്‍ ഡ്രഗ് റിസര്‍ച്ച്, ക്ലിനിക്കല്‍ എപ്പിഡെമിയോളജി, ക്ലിനിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച്, ഹെല്‍ത്ത് ഹെറിറ്റേജ്, മ്യൂസിയം ആന്‍ഡ് മാനുസ്‌ക്രിപ്റ്റ്‌സ്, ഐ.സി.ടി സര്‍വീസസ് എന്നീ വകുപ്പുകള്‍ ഐആര്‍ഐഎയില്‍ പ്രവര്‍ത്തിക്കും.

മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ, നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍, രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ സുധാകരന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളാവും. എംഎല്‍എമാരായ എം വി ഗോവിന്ദന്‍, അഡ്വ. സണ്ണി ജോസഫ്, എം വിജിന്‍, കെ വി സുമേഷ്, കെ പി മോഹനന്‍, അഡ്വ. സജീവ് ജോസഫ്, ടി ഐ മധുസൂദനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ തുടങ്ങിയവർ പങ്കെടുക്കും


.

Post a Comment

أحدث أقدم

AD01