കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച 2026-2027 വര്‍ഷത്തെ ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് പണപ്പെരുപ്പവും ധനക്കമ്മിയും കുറയ്ക്കുമെന്നും വികസിത് ഭാരത് 2047നായുള്ള മിഷനാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ചരിത്രാതീതമെന്നും അവസരങ്ങളുടെ പെരുമഴയെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിഷ്‌കാരങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നുവെന്നും ഭാവിയിലേക്കുള്ള രൂപരേഖയാണെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മള്‍ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുന്നതിലേക്ക് നീങ്ങുന്നു. ഇന്ത്യയുടെ നാരീ ശക്തിയാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്. അപൂര്‍വ ധാതുക്കള്‍, എംഎസ്എംഇകള്‍, ബയോ ഫാര്‍മ മേഖല എന്നിവയ്‌ക്കെല്ലാം വലിയ പ്രാധാന്യം നല്‍കിയ ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സമഗ്ര പരിഷ്‌കരണം, ടെക്‌സ്‌റ്റൈല്‍, സെമി കണ്ടക്ടര്‍, ബയോഫാര്‍മ-ആയുര്‍വേദ മേഖലയ്ക്കായി വന്‍ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. മൂന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആയുര്‍വേദ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റാഞ്ചിയില്‍ നിംഹാന്‍സും പ്രഖ്യാപിച്ചു. ഇന്ത്യയെ ബയോ ഫാര്‍മ നിര്‍മാണ ഹബ്ബാക്കി മാറ്റുമെന്നും ധനമന്ത്രി നിര്‍മലാസീതാരാമന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് 12.5 ലക്ഷം കോടിയാണ് വകയിരുത്തിയത്. ഏഴ് അതിവേഗ റെയില്‍ ഇടനാഴിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.അതേസമയം, നികുതി സ്ലാബില്‍ മാറ്റമില്ല. വാഹനാപകട നഷ്ടപരിഹാരത്തെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കി. ക്യാന്‍സറിനും പ്രമേഹത്തിനുമുള്ള മരുന്നുകള്‍ക്ക് വില കുറയും. ലിഥിയം അയണ്‍ ബാറ്ററികളുടെ ഇറക്കുമതിക്ക് ഇളവുണ്ട്. എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റല്‍ സ്ഥാപിക്കും. വനിതാ സംരംഭകര്‍ക്ക് ഷീ മാര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മണിക്കൂറും 25 മിനിറ്റുമാണ് ബജറ്റ് പ്രസംഗം നീണ്ടത്. 16ാം ധനകാര്യകമ്മീഷന്‍ ശിപാര്‍ശകള്‍ അംഗീകരിച്ചു. സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഗ്രാന്റായും അനുവദിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് വര്‍ഷത്തിലും കേരളത്തിന് കേന്ദ്ര ബജറ്റില്‍ കടുത്ത അവഗണനയാണ്. അതിവേഗ റെയില്‍ പദ്ധതി പ്രതീക്ഷിച്ച കേരളത്തിന് കിട്ടിയത് ആമ സംരക്ഷണം. പല ജില്ലകളിലും എയിംസ് സ്ഥാപിക്കുമെന്ന സുരേഷ് ഗോപിയുടെ വാഗ്ദാനവും വെറുംവാക്കായി. എയിംസ് ഇക്കുറിയുമില്ല. വിഴിഞ്ഞം വികസനവും ബജറ്റില്‍ ഇടംപിടിച്ചില്ല. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ധാതു ഇടനാഴിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു.
.jpg)


Post a Comment