‘ഷൂട്ടിംഗ് കഴിയാതെ ഈ മീശ താഴില്ല; താഴ്ത്താൻ നോക്കിയാലും മീശ പൊങ്ങി വരും’; L366-ലെ തന്റെ മാസ് ലുക്കിനെക്കുറിച്ച് മോഹൻലാൽ


മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ ആണ് മോഹൻലാൽ. എന്നും ഓർത്തുവയ്ക്കാൻ കഴിയുന്ന ഹിറ്റ് ചിത്രങ്ങളും കഥാപാത്രങ്ങളും ഡയലോഗുകളും അദ്ദേഹം നമുക്കായി സമ്മാനിച്ചിട്ടുണ്ട്. കഥാപാത്രത്തിന് ചേരുന്ന തരത്തിലുള്ള ലുക്കിൽ ആവും അദ്ദേഹം പ്രത്യക്ഷപ്പെടുക. എന്നാൽ ആ പണ്ടത്തെ മോഹൻലാലിന്റെ ലുക്ക് നിങ്ങൾക്ക് ഓർമയില്ലേ ? ആരാധകർ ആവേശത്തോടെ കാത്തിരുന്ന ആ പഴയ മോഹൻലാൽ ലുക്ക് തിരിച്ചെത്തുന്നു. തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രം ‘L366’-നെ കുറിച്ചുള്ള ആവേശകരമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രമായ ‘ടി എസ് ലൗ‌ലജന്’ വേണ്ടി താരം താടി വടിച്ച് മീശ പിരിച്ചു വെച്ച ലുക്ക് ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. പൊതുപരിപാടികളിലും ലാലേട്ടൻ ഇപ്പോൾ ഈ പുതിയ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ കഥാപാത്രത്തിന്റെ ‘കണ്ടിന്യൂറ്റി’ നിലനിർത്താൻ വേണ്ടിയാണ് മീശ ഇത്തരത്തിൽ വെക്കുന്നതെന്നും, താഴ്ത്താൻ നോക്കിയാലും മീശ ചിലപ്പോൾ താനേ പൊങ്ങി വരുമെന്നും മോഹൻലാൽ തമാശരൂപേണ പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ മാത്രമേ ഈ മീശ താഴൂ എന്നും അദ്ദേഹം വ്യക്തമാക്കി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ഈ ചിത്രത്തിൽ മീര ജാസ്മിനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദൃശ്യം 3′-യ്ക്ക് ശേഷം മോഹൻലാൽ അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമ ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ തീയേറ്ററുകളിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതുകൂടാതെ മമ്മൂട്ടിക്കൊപ്പമുള്ള ‘പാട്രിയറ്റ്’, അതിഥി വേഷത്തിലെത്തുന്ന ‘ഖലീഫ’ എന്നീ ചിത്രങ്ങളും ലാലേട്ടന്റേതായി വരാനിരിക്കുന്നുണ്ട്. ലാലേട്ടന്റെ ഈ മാസ് പോലീസ് വേഷവും മീശ പിരിച്ചുള്ള വരവും കാണാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം.



Post a Comment

Previous Post Next Post

AD01