ആരോഗ്യമേഖലയിൽ വികസനക്കുതിപ്പ്: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 137 കോടിയുടെ കിഫ്ബി പദ്ധതി; നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും


തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ വികസനക്കുതിപ്പിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 137 കോടി രൂപയുടെ ബഹുനില മന്ദിരത്തിന് തുടക്കമാകുന്നു. കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന ഈ അത്യാധുനിക മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനവും ശിലാസ്ഥാപനവും മാർച്ച് 9-ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വി.കെ. പ്രശാന്ത് എം.എൽ.എ ചടങ്ങിൽ സ്വാഗതം ആശംസിക്കും. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ജനറൽ ആശുപത്രിയുടെ മുഖഛായ മാറ്റുന്ന പദ്ധതിയാണിതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അത്യാധുനിക സൗകര്യങ്ങളോടെ നാല് നിലകളിലായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. താഴത്തെ നിലയിൽ റിസപ്ഷൻ, ട്രോമ കെയർ, ജനറൽ ഒ.പി., ഫാർമസി എന്നിവയും രണ്ടാം നിലയിൽ തീവ്രപരിചരണ വിഭാഗങ്ങൾ (ICU), ഇ-ഹെൽത്ത് സംവിധാനം എന്നിവയും സജ്ജീകരിക്കും. മൂന്നാം നിലയിൽ വിപുലമായ ലാബ് സൗകര്യങ്ങൾ, ബ്ലഡ് ബാങ്ക്, സൂപ്പർ സ്പെഷ്യാലിറ്റി ഒ.പി.കൾ എന്നിവയും നാലാം നിലയിൽ കീമോതെറാപ്പി വാർഡ്, ഓപ്പറേഷൻ തിയേറ്റർ എന്നിവയും പ്രവർത്തിക്കും. കൂടാതെ, 10 ലിഫ്റ്റുകൾ, മെഡിക്കൽ ഗ്യാസ് യൂണിറ്റ്, ലോണ്ട്രി എന്നിവയുൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും പുതിയ സമുച്ചയത്തിലുണ്ടാകും. ഈ കെട്ടിടം പൂർത്തിയാകുന്നതോടെ ആശുപത്രി നേരിടുന്ന സ്ഥലപരിമിതിക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Post a Comment

أحدث أقدم

AD01