തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥിയെ പുറത്താക്കി കോൺഗ്രസ്, നടപടി കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ


കണ്ണൂര്‍: തളിപ്പറമ്പിലെ വിമത സ്ഥാനാര്‍ത്ഥിയെ പുറത്താക്കി കോൺഗ്രസ്. കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെയാണ് പാർട്ടിയിൽ നിന്നു പുറത്താക്കിയത്. തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നതിനാലാണ് നടപടി. കെപിസിസി, ഡിസിസി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് കെപിസിസി അംഗത്തെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്‍ദ്ധനന്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചിരുന്നു. 
സിപിഐഎം വിമതരെ പിന്തുണയ്ക്കാനുളള യുഡിഎഫിന്റെ തീരുമാനത്തിനെതിരെയായിരുന്നു കൊയ്യം ജനാർദ്ദനൻ രംഗത്ത് വന്നത്. സിപിഎം വിട്ടുവന്ന ടികെ ഗോവിന്ദനാണ് തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് കൊയ്യം ജനാർദ്ദനനെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിജിൽ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറി. അതേസമയം ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് തനിക്ക് പാലിക്കണമെന്ന് കൊയ്യം ജനാർദ്ദനന്‍ പറഞ്ഞു. വെളളിയാഴ്ച്ച തളിപ്പറമ്പില്‍ പത്രസമ്മേളനം നടത്തും. ശനിയാഴ്ച്ച മുതല്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തുമെന്നും ജനാർദ്ദനന്‍ അറിയിച്ചു. തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്യാമളയാണ്.



Post a Comment

أحدث أقدم

AD01