സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ചിട്ടും ലോഡ് ഷെഡ്ഡിംഗോ പവർകട്ടോ ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെയും ആസൂത്രണത്തിന്റെയും വിജയമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ നേട്ടം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ മാർച്ച് 25-ന് കേരളത്തിലെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയായ 5,802 മെഗാവാട്ടിൽ എത്തിയിരിക്കുകയാണ്. അന്നേദിവസത്തെ പ്രതിദിന ഉപഭോഗം 108.03 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഇത്രയും ഉയർന്ന ഡിമാൻഡ് ഉണ്ടായിട്ടും വൈദ്യുതി വിതരണം സുഗമമായി കൈകാര്യം ചെയ്യാൻ കെ.എസ്.ഇ.ബിക്ക് സാധിച്ചു എന്നത് സർക്കാരിന്റെ ഭരണമികവിന് സാക്ഷ്യപത്രമാണെന്ന് മന്ത്രി കുറിച്ചു. പത്തു വർഷം മുൻപത്തെ സാഹചര്യവുമായി താരതമ്യം ചെയ്തുകൊണ്ടാണ് മന്ത്രി ഈ വിപ്ലവകരമായ മാറ്റത്തെ വിശദീകരിച്ചത്. 2014–15 കാലഘട്ടത്തിൽ സംസ്ഥാനത്തെ പരമാവധി വൈദ്യുതി ആവശ്യകത വെറും 3,602 മെഗാവാട്ട് മാത്രമായിരുന്നു. അന്ന് പ്രതിദിന ഉപയോഗം 71 ദശലക്ഷം യൂണിറ്റായിരുന്നിട്ടുപോലും പകലും രാത്രിയുമായി മണിക്കൂറുകളോളം ലോഡ് ഷെഡ്‌ഡിംഗും വ്യവസായങ്ങൾക്ക് പവർകട്ടും ഏർപ്പെടുത്തി ജനങ്ങളെയും സംരംഭകരെയും ഒരുപോലെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇന്ന് ഇരട്ടിയിലേറെ ഡിമാൻഡ് ഉള്ളപ്പോൾ പോലും പവർകട്ടില്ലാതെ മുന്നോട്ടുപോകുന്ന കേരളം അന്നത്തെ ഭരണാധികാരികൾക്കുള്ള മറുപടിയാണെന്നും മന്ത്രി പറഞ്ഞു.
ട്രാൻസ്മിഷൻ ശൃംഖലകളുടെ നവീകരണം വൈദ്യുതി വിതരണ സംവിധാനങ്ങൾ കാര്യക്ഷമമാക്കി. ജലവൈദ്യുത പദ്ധതികൾക്കൊപ്പം സൗരോർജ്ജ ഉൽപ്പാദനത്തിലും വർദ്ധനവ് ഉണ്ടായി. വർദ്ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയിലുള്ള ഭരണനിർവ്വഹണം ആണ് കൈക്കൊണ്ടത്. വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം ഇനിയും വർദ്ധിച്ചാലും ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെ.എസ്.ഇ.ബി സജ്ജമാണെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി ഉറപ്പുനൽകി. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഈ വിജയത്തിന് ആധാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം
ഇരുട്ടിലായ ഇന്നലെകളിൽ നിന്ന് വെളിച്ചം നിറഞ്ഞ ഇന്നിലേക്ക്: ഇത് എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലയിൽ വലിയൊരു വിപ്ലവത്തിനാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. കുറഞ്ഞ വൈദ്യുതി ആവശ്യമുണ്ടായിരുന്ന കാലത്ത് കേരളത്തെ ഇരുട്ടിലാക്കിയവർക്ക്, ഇരട്ടിയിലേറെ ഡിമാൻഡ് ഉള്ളപ്പോൾ പോലും പവർകട്ടില്ലാതെ മുന്നോട്ടുപോകുന്ന ഈ കേരളം കൃത്യമായ മറുപടിയാണ്. ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയും ആസൂത്രണവുമാണ് ഈ നേട്ടത്തിന് പിന്നിലെ കരുത്ത്.
പത്തു വർഷം മുൻപ് 2014–15 കാലഘട്ടത്തിൽ സംസ്ഥാനത്തെ ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത വെറും 3,602 മെഗാവാട്ട് മാത്രമായിരുന്നു. പ്രതിദിന ഉപയോഗം 71 ദശലക്ഷം യൂണിറ്റായിരുന്ന ആ കാലത്ത് പകലും രാത്രിയുമായി മണിക്കൂറുകളോളം ലോഡ് ഷെഡ്‌ഡിംഗും വ്യവസായങ്ങൾക്ക് പവർകട്ടും ഏർപ്പെടുത്തി ജനങ്ങളെയും സംരംഭകരെയും ഒരുപോലെ ബുദ്ധിമുട്ടിച്ചിരുന്ന സാഹചര്യം നാം മറന്നിട്ടില്ല.
എന്നാൽ ഇക്കഴിഞ്ഞ മാർച്ച് 25ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് 5,802 മെഗാവാട്ടിൽ എത്തിയിരിക്കുകയാണ്. പ്രതിദിന ഉപഭോഗം 108.03 ദശലക്ഷം യൂണിറ്റായി ഉയർന്നിട്ടും ലോഡ് ഷെഡ്ഡിംഗോ പവർകട്ടോ ഇല്ലാതെ വൈദ്യുതി വിതരണം സുഗമമായി കൈകാര്യം ചെയ്യാൻ കെ.എസ്.ഇ.ബിക്ക് സാധിച്ചു. ഈ നേട്ടം എൽ.ഡി.എഫ് സർക്കാരിന്റെ ഭരണമികവിന്റെ സാക്ഷ്യപത്രമാണ്.
ട്രാൻസ്മിഷൻ ശൃംഖലകൾ നവീകരിച്ചതും ജല വൈദ്യുത ഉല്‍പ്പാദന രംഗത്തും, സൗരോർജ്ജ ഉൽപ്പാദനത്തിലും വരുത്തിയ വർദ്ധനവും കൃത്യമായ മുൻകൂട്ടിയുള്ള ആസൂത്രണവും വഴിയാണ് ഈ പ്രതിസന്ധിയെ നാം അതിജീവിച്ചത്. വരും ദിവസങ്ങളിൽ ഉപഭോഗം ഇനിയും കൂടിയാലും ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെ.എസ്.ഇ.ബി സജ്ജമാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാസ്ത്രീയമായ ഭരണവുമാണ് ഈ മാറ്റത്തിന് ആധാരം.
കെ. കൃഷ്ണൻകുട്ടി
.jpg)


إرسال تعليق