ജി സുധാകരൻ നീതിമാനായ ഭരണാധികാരിയായിരുന്നു, സീറ്റ് ലഭിക്കാത്തവർക്ക് പാർട്ടി പദവി നൽകും; വി ഡി സതീശൻ



തിരുവനന്തപുരം: നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജി സുധാകരൻ ഒരു നുണയും പറയുന്ന ആളല്ല. അദ്ദേഹം സിപിഐഎം നേതാവായിരുന്നപ്പോൾ പോലും അന്ന് മന്ത്രിമാർക്കെതിരെ ഏറ്റവും കൂടുതൽ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ എംഎൽഎ ആണ് താൻ. അന്ന് മന്ത്രിമാരെ കടന്നാക്രമിക്കുന്ന സമയത്തും ഈ മനുഷ്യനെകുറിച്ച് ആദരവോടെ സംസാരിച്ചിട്ടുള്ള ആളാണ് താനെന്നും വി ഡി സതീശൻ പറഞ്ഞു. നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരൻ. ഒരു കാര്യം ചെന്നു പറഞ്ഞാൽ അതിൽ രാഷ്ട്രീയം നോക്കാതെ നേറും നെറിയും നോക്കി തീരുമാനമെടുക്കുന്ന ആളാണ്. മറ്റൊരു സിപിഐഎം മന്ത്രിയെ കുറിച്ചും തനിക്ക് ഇങ്ങനെ പറയാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചിട്ടും ജി സുധാകരൻ ഫോൺ എടുത്തില്ലെന്ന ആരോപണവും എന്നാൽ തന്നെ വിളിച്ചിട്ടില്ലെന്ന അദ്ദേഹത്തിന്റെ മറുപടിയും സംബന്ധിച്ച ചോദ്യത്തോടായിരുന്നു വി ഡി സതീശന്റെ മറുപടി. ഇക്കാര്യത്തിൽ ജി സുധാകരനെയാണ് താൻ വിശ്വസിക്കുന്നതെന് സതീശൻ പറഞ്ഞു.

ജി സുധാകരൻ ഒരു നിലപാട് എടുത്ത് നീങ്ങുമ്പോൾ തങ്ങൾ രാഷ്ട്രീയമായ പിന്തുണ നൽകുകയാണുണ്ടായത്. അദ്ദേഹം തീരുമാനം എടുത്തതിന് ശേഷമാണ് തങ്ങൾ അദ്ദേഹവുമായി ബന്ധപ്പെടുന്നത്. കാലിന് പരിക്ക് പറ്റി കിടക്കുമ്പോൾ പല തവണ അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ആലപ്പുഴ വഴി പോകുമ്പോഴും അദ്ദേഹത്തെ വിളിക്കാറുണ്ട്. നല്ല ബന്ധമാണ് ജി സുധാകരനുമായി ഉള്ളത്. തനിക്കെതിരെ മത്സരിച്ച പന്ന്യൻ രവീന്ദ്രനുമായി നല്ല സൗഹൃദം ഇപ്പോഴും പുലർത്തുന്നുണ്ടെന്നും സതീശൻ പറഞ്ഞു. ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രാദേശിക കോൺഗ്രസിൽ ഭിന്നതയില്ലെന്നും സതീശൻ വ്യക്തമാക്കി.




Post a Comment

Previous Post Next Post

AD01