ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു


പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ അതിക്രമം തടയല്‍ നിയമത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. മുന്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. ബി.പി ശശീന്ദ്രന്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഭാരതീയ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും നീതിയും എല്ലാവരിലേക്കും എത്തിക്കുന്നതിനായി നടപ്പിലാക്കിയ ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണ് പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെയുള്ള ഒരു കവചമാണിത്. കേവലം ഒരു ശിക്ഷാനിയമം എന്നതിലുപരി, ഒരു വ്യക്തിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന പ്രവൃത്തികളെ ഇത് കര്‍ശനമായി നേരിടുന്നു. ജാതീയമായ അധിക്ഷേപങ്ങള്‍, ഭൂമി കൈയേറ്റം, കുടിവെള്ളം തടയുക, ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ തുടങ്ങി ഇരുപതിലധികം കുറ്റകൃത്യങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കാന്‍ പ്രത്യേക കോടതികള്‍ തന്നെ ഈ നിയമപ്രകാരം സ്ഥാപിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല എന്നതാണ് ഈ നിയമത്തിന്റെ സവിശേഷത. 2015 ലെ ഭേദഗതിയിലൂടെ നിയമം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടം മുതല്‍ തന്നെ ഇരകള്‍ക്ക് സാമ്പത്തിക സഹായവും സൗജന്യ നിയമസഹായവും നല്‍കാന്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാന്‍ ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കുടുംബ ബന്ധങ്ങളുടെ മൂല്യം എന്ന വിഷയത്തില്‍ വിമുക്തി മിഷന്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സമീര്‍ ധര്‍മ്മടം ക്ലാസെടുത്തു. വര്‍ത്തമാന കാലത്ത് കുടുംബജീവിതത്തില്‍ പരസ്പര ആശയവിനിമയം കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹം, സുരക്ഷിതത്വം, പരസ്പര പിന്തുണയും സഹകരണവും, സ്വഭാവ മൂല്യങ്ങളുടെ കൈമാറ്റം, മാനസികാരോഗ്യം, ഉത്തരവാദിത്ത ബോധം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പട്ടികജാതി ഓഫീസര്‍ ഒ.പി രാധാകൃഷ്ണന്‍, അസിസ്റ്റന്റ് പട്ടികജാതി ഓഫീസര്‍ കെ.വി അമ്പിളി,എസ് സി, എസ് ടി പ്രമോട്ടർമാർ, സോഷ്യൽ വർക്കർമാർ, ഓവർസിയർമാർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ എന്നിവര്‍ പങ്കെടുത്തു. 



Post a Comment

Previous Post Next Post

AD01