മോദി അന്ന് പറഞ്ഞത് ‘സൊമാലിയ’ ഇന്ന് പറയുന്നു ‘കേരളം’; മാറ്റത്തിനിടയാക്കിയത് ഇടതുപക്ഷ സക്കാരിൻ്റെ നിശ്ചയദാർഢ്യം



കേരളത്തിൽ ബിജെപി ക്ക് സ്ഥാനമില്ലെന്നത് കൊണ്ട് കേരളത്തെ ആവും വിധമെല്ലാം തകർക്കുകയെന്നതാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. ഒരു തരത്തിലും കേരളത്തെ അം​ഗീകരിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ കേരളത്തെ തകർക്കാനുള്ള വഴികളെല്ലാം നോക്കുകയും ചെയ്യുകയാണ്. 2016 ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിയ മോദി കേരളത്തെ സൊമാലിയ എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും അന്ന് ഉയർന്ന് വന്നിരുന്നു. എന്നാൽ ഇന്ന് കേരളത്തിൽ എത്തിയ മോദി കേരളത്തെ പുകഴ്ത്തിപ്പറയാൻ മറന്നില്ല. സൊമാലിയ മാറ്റി കേരളമെന്ന് ഉറച്ച് പറയാനും ഇന്ന് കേരളത്തിലെത്തിയ നരേന്ദ്ര മോദിക്ക് കഴിഞ്ഞു. ഇതിനെയെല്ലാം സാധ്യമാക്കിയത് ആരാണെന്ന കാര്യം നരേന്ദ്രമോദിക്കും കേരളത്തിലെ ബിജെപി ക്കും ഓർമ കാണുമോ? ഓർമ്മയുണ്ടെങ്കിലും അതിനെ മോദി മനപ്പൂർവ്വം അവ​ഗണിക്കും.

കേരളത്തിൽ പത്ത് വർഷം കൊണ്ട് ഇടതുപക്ഷ സർക്കാർ ചെയ്ത സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഈ കാണുന്ന മാറ്റങ്ങൾക്കെല്ലാം കാരണമായത്. യുഡിഎഫ് ഭരണത്തിൽ എല്ലാം തകർന്ന കേരളത്തെയാണ് ഇന്ന് കാണുന്ന തരത്തിലേക്ക് ഈ നാട്ടിലെ ഇടതുപക്ഷം ഉയർത്തിയത്. യുഡിഎഫിൻ്റെ കെട്ട കാലം ഒന്ന് ഓർക്കാൻ പോലും ഇന്ന് കേരളത്തിലെ പ്രതിപക്ഷത്തിന് പേടിയാണ്. ജനങ്ങൾ അതറിയുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടുകളാണ് അവർക്കുണ്ടാകുകയും ചെയ്യുന്നത്. ഒരിക്കൽ കൂടി പറയുകയാണെങ്കിൽ ആ കാലത്ത് നിന്നാണ് ഇന്ന് കാണുന്ന തരത്തിലേക്ക് കേരളം വളർന്നത്. നരേന്ദ്ര മോദി പ്രശംസിക്കുന്ന തരത്തിേലേക്ക് കേരളം മാറിയത്. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും അടിയന്തര സഹായങ്ങൾ നൽകാതേയും ബജറ്റിൽ തീരെ പരിഗണിക്കാതേയും അങ്ങനെ എല്ലാതരത്തിലും വരിഞ്ഞ് മുറുക്കിയിട്ടും കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ നിശ്ചദാർഢ്യത്തിൽ ഉയർത്തിയെടുത്തതാണ് ഇന്നാട്ടിൽ ഇന്ന് കാണുന്ന വികസനങ്ങൾ. മോദിയന്ന് സൊമാലിയ എന്ന് വിളിച്ച് കളിയാക്കിയ അതേ നാടാണ് ഇന്ന് ലോകത്തെ തന്നെ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ആരോ​ഗ്യ രം​ഗത്ത് ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമായി കേരളം മാറി. വിദ്യാഭ്യാസ രം​ഗത്ത് ഏറ്റവും മികച്ചതായി കേരളം മാറി. വ്യവസായ രം​ഗത്തും കേരളം കൈവരിച്ചത് സമാനകതകളില്ലാത്ത നേട്ടമാണ്. ഇതിനെയൊന്നും അം​ഗീകരിക്കാൻ കേരളത്തിലെ പ്രതിപക്ഷമോ കേന്ദ്ര സർക്കാരോ ഇതുവരേയും തയ്യാറായിട്ടുമില്ല. എന്നാൽ പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ ഇവയുടെയൊക്കെ ക്രെഡിറ്റ് അടിച്ചെടുക്കാനും ഇക്കൂട്ടർ മറക്കാറില്ല. യുഡിഎഫ് ഭരണകൂടവും കേന്ദ്രവും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിച്ച നാഷണൽ ഹൈവേ ഉൾപ്പെടെ ഇതിന് ഉദാ​ഹരണമാണ്.

വയനാട് പുനരധിവാസത്തിനായി കേന്ദ്ര സഹായങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടും കേരളം അതിജീവനത്തിൻ്റെ പുതിയ മാതൃക തീർത്തു. നാട് കണ്ട ഏറ്റവും വലിയ ദുരന്തം നടന്നിട്ടും അതിനെ ഒരു തരത്തിലും പരി​ഗണിക്കാൻ കേന്ദ്രം തയ്യാറായിരുന്നില്ല. കാലങ്ങളായുള്ള എയിംസ് എന്ന കേരളത്തിൻ്റെ ആവശ്യത്തിനെ പരി​ഗണിക്കാതെ ഇക്കഴിഞ്ഞ ബജറ്റിലും തഴയുകയാണ് കേന്ദ്രം ചെയ്തത്. അതിനെല്ലാം ശേഷം ഇന്ന് കേരളത്തിൽ എത്തി നരേന്ദ്ര മോദിയുടെ പരമാർശത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുകയും ചെയ്യുന്നത്. മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റും അതിനിടയിൽ ചർച്ചയായിരിക്കുകയാണ്. പണ്ട് സൊമാലിയ എന്ന് വിളിച്ചവരൊക്കെ ഇപ്പോൾ കേരളം എന്ന് മുഴുക്കെ വിളിക്കുന്നുണ്ടല്ല. അതിൽ സന്തോഷം എന്നാണ് മന്ത്രിയുടെ പരിഹാസ്യ രൂപേണയുള്ള പോസ്റ്റ്. 


Post a Comment

Previous Post Next Post

AD01