'കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂ'; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂർ


തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി ശശി തരൂര്‍ എം പി. നിലവില്‍ ഇത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ അര്‍ത്ഥമില്ലാത്തവയാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. 'മുഖ്യമന്ത്രിയെ ജയിച്ച എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷം ഹൈക്കമാന്റ് തീരുമാനിക്കും. ഞങ്ങള്‍ ജയിച്ചാല്‍ മുഖ്യമന്ത്രി ഉണ്ടാകും. ആരാണ് എവിടെ നിന്നാണ്, ഏത് നഗരത്തില്‍ നിന്നാണ് എന്ന് പറയാന്‍ ഒരു സാധ്യതയുമില്ല. ഇപ്പോള്‍ നേതാക്കള്‍ പറയുന്ന അഭിപ്രായങ്ങള്‍ അനാവശ്യമാണ്. കെട്ടിടം കെട്ടിയ ശേഷമല്ലേ ഫര്‍ണിച്ചര്‍ വാങ്ങിക്കേണ്ട കാര്യമുള്ളൂ,' ശശി തരൂര്‍ പറഞ്ഞു.വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരായിരുന്നു ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നത്. പിന്നീട് കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയായി വന്നേക്കാം എന്നുള്ള രീതിയിലുള്ള ചര്‍ച്ചകളും സജീവമായി. ഇവരെ പിന്തുണയ്ക്കുന്ന നേതാക്കളുടെ ഭാഗത്ത് നിന്നും പ്രസ്താവനകള്‍ വന്നതോടെ അണികളും ഗ്രൂപ്പ് തിരിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍ യുഡിഎഫിന് നല്ല വിജയം ലഭിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. 'എണ്ണം പറയാന്‍ ഞാനാളല്ല. കംഫര്‍ട്ടബിള്‍ ഭൂരിപക്ഷം ഉണ്ടാകും. കേരളത്തില്‍ യുഡിഎഫ് വിജയിച്ചാല്‍ അത് നാഷണല്‍ ഇഫക്ട് നല്‍കും,' ശശി തരൂര്‍ പ്രതീക്ഷ പങ്കുവെച്ചു. സിപിഐഎം-ബിജെപി ഡീല്‍ ഉണ്ടെന്നും ശശി തരൂര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ബിജെപിക്ക് പിന്തുണയുള്ള ഇടങ്ങളില്‍ അവര്‍ ഘടകകക്ഷികളെയാണ് മത്സരിപ്പിച്ചതെന്നും ഇതൊരു ഡീല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

أحدث أقدم

AD01