തിരുവനന്തപുരം നഗരത്തിലെ ഭരണവും സാമൂഹിക സാഹചര്യങ്ങളും ഗുരുതരമായ തകർച്ചയിലേക്ക് നീങ്ങുന്നു: അഡ്വ. എസ്.പി. ദീപക്


തിരുവനന്തപുരം നഗരത്തിലെ ഭരണവും സാമൂഹിക സാഹചര്യങ്ങളും ഗുരുതരമായ തകർച്ചയിലേക്ക് നീങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം നഗരസഭാ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. എസ്. പി. ദീപക്. തിരുവനന്തപുരം നഗരസഭയിൽ ബിജെപി അധികാരത്തിലെത്തിയതോടെ നഗരഭരണം പൂർണ്ണമായും ദിശയറ്റ നിലയിലേക്കാണ് നീങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത ഭരണകൂടം വികസന പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് വിവാദങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്നതിലാണ് മുഴുകിയിരിക്കുന്നത്. ആരാധനാലയങ്ങളെ ചുറ്റിപ്പറ്റി സമൂഹത്തിൽ ഭിന്നതയും സംഘർഷവും വിതയ്ക്കാനുള്ള ശ്രമങ്ങൾ ബോധപൂർവ്വം നടക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മതവിശ്വാസങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്ന ഈ അപകടകരമായ സമീപനം നഗരത്തിലെ സമാധാനപരമായ സഹവർത്തിത്വത്തെ തകർക്കുകയാണ്. ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങൾ നഗരത്തെ മുന്നോട്ടല്ല, പിന്നോട്ടാണ് കൊണ്ടുപോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിനോടൊപ്പം, ഇന്നലെ നെട്ടയം പ്രദേശത്ത് നടന്ന അക്രമസംഭവം ബിജെപി നേതൃത്വത്തിൽ ആസൂത്രണം ചെയ്ത ക്രിമിനൽ നീക്കത്തിന്റെ വ്യക്തമായ ഉദാഹരണമാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. “രണ്ട് വ്യക്തികൾ തമ്മിലുണ്ടായിരുന്ന കുടുംബവഴക്ക് മുതലെടുത്ത് നാട്ടിൽ അക്രമവും കലാപാവസ്ഥയും സൃഷ്ടിക്കാൻ ബിജെപി സംഘടിതമായി ഇടപെട്ടു. കോർപ്പറേഷൻ മേയറും ആർഎസ്എസ് പശ്ചാത്തലമുള്ള കൗൺസിലർമാരും ഈ നീക്കങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി.” പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടന്ന ക്രൂരമായ ആക്രമണം അതീവ ഗൗരവകരമാണ്. അക്രമം നടത്തിയവർ തുടർന്ന് മേയറുടെ ഓഫീസിലും സ്റ്റാൻഡിംഗ് കൗൺസിലർമാരുടെ മുറികളിലും ഒളിച്ചിരിക്കുകയായിരുന്നു. ഈ ക്രിമിനൽ സംഘങ്ങൾക്ക് സംരക്ഷണം നൽകിയതും മേയറാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതും ഈ അക്രമത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്. ജനറൽ ആശുപത്രിക്ക് മുന്നിലും നെട്ടയം പ്രദേശത്തും ക്രിമിനൽ സംഘങ്ങളെ വിന്യസിച്ച് നഗരത്തിൽ സംഘർഷാന്തരീക്ഷം സൃഷ്ടിക്കാൻ നടത്തിയ നീക്കങ്ങൾ ശക്തമായി അപലപിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. കോർപ്പറേഷൻ ഓഫീസ് ആർഎസ്എസ് ശാഖയായി പ്രവർത്തിക്കുന്ന സ്ഥിതിയിലേക്ക് തള്ളിക്കൊണ്ടുപോകുന്ന സമീപനമാണ് നിലവിലുള്ളത്.

“നഗര ഭരണത്തിന്റെ പരാജയം ഏറ്റവും വ്യക്തമായി പ്രകടമാകുന്നത് മാലിന്യ സംസ്കരണ രംഗത്താണ്. നഗരമൊട്ടാകെ മാലിന്യം കെട്ടിക്കിടക്കുന്നു. കൊതുക് വ്യാപനം, ദുർഗന്ധം, രോഗവ്യാപനം എന്നിവ നിയന്ത്രണാതീതമായി ഉയരുന്നു. മാലിന്യ പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് ഭരണകൂടത്തിന്റെ പരാജയത്തിന്റെ വ്യക്തമായ തെളിവാണ്; നഗരം ഇന്ന് ദുർഗന്ധത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇതോടൊപ്പം, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിക്കാനാകാത്തത് ഭരണകൂടത്തിന്റെ ഗുരുതരമായ അനാസ്ഥയും കെടുകാര്യസ്ഥതയും വ്യക്തമാക്കുന്നു. തോടുകളും ചെറു കനാലുകളും ശുചീകരിക്കപ്പെടാതെ കിടക്കുന്നത് വെള്ളക്കെട്ടിനും രോഗവ്യാപനത്തിനും കാരണമാകുന്ന സാഹചര്യമാണ്. നഗരവാസികളുടെ ആരോഗ്യവും സുരക്ഷയും പൂർണ്ണമായി അവഗണിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്,” അദ്ദേഹം ആരോപിച്ചു.“കുടിവെള്ള പ്രശ്നം അതിലും ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങിയിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ കുടിവെള്ളം കിട്ടാകനിയായി മാറിയിരിക്കുകയാണ്. ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ടാങ്കർ ലോറിയിലൂടെയും വെള്ളം എത്തിക്കാൻ കഴിയാത്തത് ഭരണകൂടത്തിന്റെ പൂർണ്ണ പരാജയമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഈ ഭരണകൂടം തികച്ചും പരാജയപ്പെട്ടിരിക്കുകയാണ്.”

നഗരത്തിലെ തെരുവ് വിളക്കുകളുടെ അവസ്ഥയും അതീവ ദയനീയമാണ്. ആയിരക്കണക്കിന് തെരുവ് വിളക്കുകൾ കത്താതിരിക്കുമ്പോഴും, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാതെ മറ്റ് വകുപ്പുകളെ കുറ്റപ്പെടുത്തുകയാണ് മേയർ വി. വി. രാജേഷ് ചെയ്യുന്നത്. ഇത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോടലാണ്.

നഗരസഭാ ഭരണം യാഥാർത്ഥ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം സോഷ്യൽ മീഡിയ “റീലുകളിൽ” മാത്രം ഒതുങ്ങിയിരിക്കുകയാണ്. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ, ഭരണകൂടം സോഷ്യൽ മീഡിയ പ്രചാരണത്തിലാണെന്നത് നഗരത്തിന്റെ ദൗർഭാഗ്യകരമായ യാഥാർത്ഥ്യമാണ്, അദ്ദേഹം പറഞ്ഞു.



Post a Comment

أحدث أقدم

AD01