ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ച് ഉയരുന്നു. രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി.
വിമാനഇന്ധനമായ എടിഎഫിന്റെ വില ചരിത്രത്തിൽ ആദ്യമായി കിലോ ലിറ്ററിന് 2 ലക്ഷം രൂപ കടന്നു. ഡൽഹിയിൽ വിമാന ഇന്ധന വില കിലോ ലിറ്ററിന് 2,07,341.22 രൂപയായി വർധിച്ചു. നേരത്തെ 2022-ൽ റഷ്യ-യുക്രൈൻ യുദ്ധ കാലത്തുണ്ടായ 1.1 ലക്ഷം രൂപയായിരുന്നു ഇതിന് മുമ്പത്തെ ഉയർന്ന നിരക്ക്. പ്രീമിയം ഇന്ധനങ്ങൾക്കും വലിയ രീതിയിൽ വില വർധിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിലിന്റെ എക്സ്.പി 100 (XP100) പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 149 രൂപയിൽ നിന്ന് 160 രൂപയായി ഉയർത്തി. കൂടാതെ പ്രീമിയം ഡീസലായ എക്സ്ട്രാ ഗ്രീനിന്റെ (Xtra Green) വില ലിറ്ററിന് 92.99 രൂപയായും വർധിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയവും നേരത്തെ തങ്ങളുടെ പ്രീമിയം പെട്രോളിന് ലിറ്ററിന് 2 രൂപ വർധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് ബുധനാഴ്ച 195.50 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 2,078.50 രൂപയായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റങ്ങൾക്ക് അനുസരിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖല കമ്പനികൾ ഓരോ മാസവും ഒന്നാം തീയതി വില പരിഷ്കരിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വാണിജ്യ എൽപിജി വിലയിലും സമാനമായ വർധനവാണ് ഉണ്ടായത്. മാർച്ച് ഒന്നിന് ശേഷം ഇത് മൂന്നാം തവണയും ഈ വർഷം ഇത് അഞ്ചാം തവണയുമാണ് വാണിജ്യ സിലിണ്ടറിന് വില വർധിപ്പിക്കുന്നത്. യുദ്ധസാഹചര്യങ്ങൾ ഊർജ്ജ വിതരണ ശൃംഖലയെ ബാധിച്ചതാണ് ഈ വൻ വിലക്കയറ്റത്തിന് പ്രധാന കാരണം. ആഗോള എണ്ണവിലയിൽ ഏകദേശം 50 ശതമാനത്തിന്റെ വർധനവാണ് ഇക്കാലയളവിൽ ഉണ്ടായത്. യുഎസ്-ഇറാൻ സംഘർഷം മൂലം ക്രൂഡ് ഓയിൽ വിലയിലുണ്ടായ ചാഞ്ചാട്ടവും ലോജിസ്റ്റിക്സ് ചിലവുകളിലെ വർധനവും എണ്ണക്കമ്പനികളെ ഈ തീരുമാനത്തിലേക്ക് നയിച്ചതായി കരുതപ്പെടുന്നു. ആഗോള തലത്തിലെ ഈ അസ്ഥിരത വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്.
.jpg)


إرسال تعليق