സഞ്ജു ഇറങ്ങുന്നു, ആദ്യജയം കൊതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ



ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം കൊതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് ചെന്നൈയുടെ എതിരാളി. ഏഴരയ്ക്കാണ് കളി തുടങ്ങുക. ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ ഒറ്ററണ്‍ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ലക്ഷ്യം. സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്‌വാദ് ഓപ്പണിംഗ് ജോഡിയില്‍ തുടങ്ങുന്നു സിഎസ്‌കെയുടെ പ്രതിസന്ധി. ഓപ്പണര്‍മാരുടെ വീഴ്ച്ച അതിജീവിക്കാനാവാതെ ആയുഷ് മാത്രേയും ശിവം ദുബേയും. 
ഭേദപ്പെട്ട പ്രകടനം നടത്താനായത് സര്‍ഫറാസ് ഖാന് മാത്രം. സഞ്ജു മൂന്നുകളിയിലും രണ്ടക്കം കാണാതെ പുറത്തായത് ആരാധകര്‍ക്ക് ഇരട്ടപ്രഹരം. എം എസ് ധോണിയുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണെങ്കിലും ഡിവാള്‍ഡ് ബ്രേവിസ് പരിക്കുമാറി തിരിച്ചെത്തുന്നത് ആശ്വസം. ബൗളിംഗ് നിരയുടെ മൂര്‍ച്ചക്കുറവ് മറികടക്കുന്ന ബാറ്റിംഗ് മികവ് പുറത്തെടുത്താലേ ചെന്നൈയ്ക്ക് രക്ഷയുള്ളൂ. കെ എല്‍ രാഹുല്‍ കൂടി ഫോമിലേക്ക് എത്തിയതോടെ ഡല്‍ഹി കൂടുതല്‍ അപകടകാരികള്‍. ഇംപാക്ട് പ്ലെയര്‍ സമീര്‍ റിസ്വിയെ തുടക്കത്തിലേ മടക്കിയില്ലെങ്കില്‍ ചെന്നൈ വിയര്‍ക്കും. അക്‌സര്‍ പട്ടേലും ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്‌സുംകൂടി ചേരുമ്പോള്‍ ഡല്‍ഹിയുടെ സ്‌കോറിംഗ് നിര ശക്തം. കുല്‍ദീപ് യാദവ്, ലുംഗി എന്‍ഗിഡി, ടി നടരാന്‍, മുകേഷ് കുമാര്‍ എന്നിവരടങ്ങിയ ബൗളിംഗ് യൂണിറ്റിനും മേല്‍ക്കൈ. ഇതുവരെ ഏറ്റുമുട്ടിയ 31 കളിയില്‍ ചെന്നൈ പത്തൊന്‍പതിലും ഡല്‍ഹി പന്ത്രണ്ടിലും ജയിച്ചു. 

പഞ്ചാബ് ഹൈദരാബാദിനെതിരെ

ഇന്ന് ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം. തോല്‍വി അറിയാതെ ആത്മവിശ്വാസത്തിന്റെ നിറവിലാണ് പഞ്ചാബ്. വിജയ വഴിയില്‍ തിരിച്ചെത്താന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഗുജറാത്തിനെയും ചെന്നൈയെയും തോല്‍പിച്ച പഞ്ചാബ് ഇറങ്ങുന്നത് മഴമൂലം കൊല്‍ക്കത്തയുമായി പോയിന്റ് പങ്കുവയ്‌ക്കേണ്ടി നിരാശ തീര്‍ക്കാന്‍. കൊല്‍ക്കത്തയോട് ജയിച്ച ഹൈദരാബാദ് ബെംഗളൂരുവിനോടും ലക്‌നൌവിനോടും തോറ്റു. ഹൈദരാബാദ് ബാറ്റിംഗ് നിരയെ അമിതമായി ആശ്രയിക്കുന്‌പോള്‍ ബാറ്റിംഗിലും ബൌളിംഗിലും സന്തുലിതമാണ് നിലവിലെ ഫൈനലിറ്റുകളായ പഞ്ചാബ്.



Post a Comment

أحدث أقدم

AD01