ഇന്ത്യയില്‍ കുറ്റകൃതനിരക്ക് ആറുശതമാനം കുറഞ്ഞതായി നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്


2024ല്‍ ഇന്ത്യയിലെ കുറ്റകൃതനിരക്ക് 2023നെ അപേക്ഷിച്ച് ആറുശതമാനം കുറഞ്ഞതായി നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2024ല്‍ 58.85 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2023ല്‍ 62.41 ലക്ഷം കേസുകളാണ് ഉണ്ടായിരുന്നത്. കേരളം, പുതുച്ചേരി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് കേസുകള്‍ പരിഹരിക്കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നത്. കേരളം 94.5 ശതമാനം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പുതുച്ചേരി 91.0 ശതമാനവും ബംഗാള്‍ 90.6 ശതമാനം കേസുകളിലും കുറ്റപത്രം നല്‍കി. ഐ.പി.സി, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരം 26.72 ലക്ഷം ആളുകളെ അറസ്റ്റു ചെയ്യുകയും 10.71 ലക്ഷം പേരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തു. സ്‌പെഷ്യല്‍ ലോ പ്രകാരം 18.65 ലക്ഷം ആളുകളെ അറസ്റ്റു ചെയ്യുകയും 17.21 ലക്ഷം പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. 2024ല്‍ ആകെ 27,049 കൊലപാതക കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൊലപാതക കേസില്‍ 2.4 ശതമാനം കുറവുണ്ടായി. തര്‍ക്കം, വ്യക്തിവൈരാഗ്യം തുടങ്ങിയവയാണ് കൊലപാതക കേസുകള്‍ക്ക് പിന്നിലെ കാരണമായി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും കുറവ് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ 96,079 തട്ടിക്കൊണ്ടുപോകല്‍ കേസുകളാണ് ഉണ്ടായത്. 2023നെ അപേക്ഷിച്ച് 15.4 ശതമാനം കുറവാണിത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും കുറവ് രേഖപ്പെടുത്തി. 1.5 ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024ല്‍ 4.41 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുന്‍വര്‍ഷം 4.48 ലക്ഷമായിരുന്നു കേസുകളുടെ എണ്ണം. അതേസമയം കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 5.9 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2024ല്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യം സംബന്ധിച്ച 75,108 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചു. 17.9 ശതമാനം വര്‍ധനവ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തി. 2024ല്‍ 1.01 ലക്ഷം സൈബര്‍ കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.



Post a Comment

أحدث أقدم

AD01