ബെംഗളൂരു - എറണാകുളം വന്ദേഭാരത് എട്ടിൽ നിന്ന് 16 കോച്ചുകളിലേക്ക്; 598 സീറ്റ് കൂടും


ഓണസീസണിൽ നാട്ടിലേക്ക് വരാനൊരുങ്ങുന്ന മലയാളി യാത്രക്കാർക്ക് വൻ ആശ്വാസമായി ബെംഗളൂരു - എറണാകുളം വന്ദേഭാരത് എക്സ്പ്രസ്. നിലവിലുള്ള 8 കോച്ചുകളുടെ എണ്ണം 16 ആയി റെയിൽവേ ഉയർത്തുന്നു. ജൂലൈ ആദ്യവാരത്തോടെ പരിഷ്‌കരിച്ച 16 കോച്ചുകളുമായി വന്ദേഭാരത് സർവീസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓണത്തിരക്ക് കണക്കിലെടുത്ത് ഓഗസ്റ്റ് 21, 22 തീയതികളിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ സീറ്റുകൾ വെയ്റ്റ്‌ലിസ്റ്റിലേക്ക് മാറിയിരുന്നു. ഉത്സവ സമയങ്ങളിൽ ഈ റൂട്ടിലെ വന്ദേഭാരത് ഒക്യുപൻസി നിരക്ക് 120 മുതൽ 140 ശതമാനം വരെ എത്താറുണ്ട്. ഈ സാഹചര്യത്തിലാണ് സർവീസ് തുടങ്ങി 7 മാസം പിന്നിടുമ്പോൾ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാൻ റെയിൽവേ തീരുമാനിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു വന്ദേഭാരത് സർവീസ് ആരംഭിച്ചത്.

598 സീറ്റുകൾ അധികമായി ലഭിക്കും
കോച്ചുകൾ 16 ആക്കി ഉയർത്തുന്നതോടെ സീറ്റുകളുടെ എണ്ണം 530-ൽ നിന്ന് 1128 ആയി വർദ്ധിക്കും. ഒറ്റയടിക്ക് 598 സീറ്റുകളാണ് അധികമായി യാത്രക്കാർക്ക് ലഭിക്കുക. ഇതോടെ വാരത്തിൽ 6 ദിവസത്തെ സർവീസിലൂടെ 6,768 പേർക്ക് അധികമായി യാത്ര ചെയ്യാൻ സാധിക്കും. നിലവിൽ ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1670 രൂപയും എക്സിക്യൂട്ടിവ് ചെയർകാറിൽ 3030 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള 630 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റ് കൊണ്ടാണ് ഈ ട്രെയിൻ പിന്നിടുന്നത്.


إرسال تعليق

0 تعليقات