കോഴിക്കോട് പൊലീസ് സൊസൈറ്റി ഇലക്ഷൻ കേസ്: സഹകരണ വകുപ്പിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി

 

കോഴിക്കോട് പൊലീസ് സൊസൈറ്റി ഇലക്ഷൻ കേസിൽ സഹകരണ വകുപ്പിന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി. ആഗസ്റ്റ് 10ന് നടക്കേണ്ടിയിരുന്ന സംഘം തെരഞ്ഞെടുപ്പിലെ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് നിലവിലെ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ 3039 ത്തിലധികം ആളുകളെ ഒഴിവാക്കിയ സഹകരണ വകുപ്പിന്റെ നടപടിക്കെതിരെ നിലവിലെ ഭരണസമിതിയും നിരവധി വോട്ടർമാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ കേസിൽ പുറപ്പെടുവിച്ച വിധിയിലാണ് സഹകരണ വകുപ്പിനെ ഒഴിവാക്കി ഹൈക്കോടതി നിർദേശ പ്രകാരം ഒരു അഡ്വക്കറ്റ് കമ്മീഷന്റെ മേൽനോട്ടത്തിൽ പുതിയ വോട്ടർ പട്ടിക തയ്യാറാക്കാനും തെരഞ്ഞെടുപ്പ് നടത്താനും ഹൈക്കോടതി നിർദ്ദേശം നൽകിയത്. തെരഞ്ഞെടുപ്പ് നോമിനേഷൻ സമർപ്പിക്കേണ്ട ജൂലൈ 28ാം തീയതി നിലവിലെ ഭരണസമിതിയുടെ അനുകൂല പാനൽ നോമിനേഷൻ നൽകിയിരുന്നില്ല. 3000ത്തിലധികം അർഹരായ സഹകാരികളുടെ വോട്ടവകാശം ഇല്ലാതാക്കി നടത്താൻ ശ്രമിച്ച തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്നതായിരുന്നു നിലവിലെ ഭരണസമിതിയുടെ നിലപാട്.

എന്നാൽ എതിർ വിഭാഗം മത്സരിക്കാനായി നോമിനേഷൻ സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പ് നടപടികൾ ഹൈക്കോടതി പിന്നീട് സ്റ്റേ ചെയ്തിരുന്നു . ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന ആഗസ്റ്റ് 25ന് ശേഷം പരമാവധി നിലവിലെ ഭരണസമിതിയിൽ നിന്നു തന്നെ അംഗങ്ങളെ ഉൾപ്പെടുത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാനും,കുറഞ്ഞത് ഭരണസമിതിയിലെ ഒരംഗത്തെയെങ്കിലും അഡ്മിനിസ്ട്രേറ്റീവ കമ്മിറ്റിയിൽ ഉൾപ്പെടുത്താനും കോടതി നിർദ്ദേശമുണ്ട്.



إرسال تعليق

0 تعليقات