പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാഠം 1 പുതുയുഗ വിദ്യാലയം - സ്‌കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗൃഹാതുരത്വം നിറഞ്ഞ ബാല്യകാല ഓർമകൾ പങ്കുവെച്ച മുഖ്യമന്ത്രി, മഴ നനഞ്ഞ് നടന്ന് സ്‌കൂളിൽ പോയിരുന്ന കാലം ഓർത്തെടുത്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ വലിയ സ്വപ്നങ്ങളാണ് കാണുന്നത്. കേരളത്തിലെ അമ്മമാർ വിദ്യാഭ്യാസ പുരോഗതിക്ക് നൽകിയ സംഭാവന വളരെ വലുതാണ്. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണമെന്നും കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവെച്ച് അവയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ കുട്ടിയുടെയും താൽപര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത ഉത്തരവാദിത്തമാണ്.
ലണ്ടനിലെ സ്‌കൂളിൽ ഒരു വിദ്യാർഥിയുടെ ഗണിതശേഷി തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ അറിയിച്ച അനുഭവം മുഖ്യമന്ത്രി പങ്കുവെച്ചു. ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകൾ കണ്ടെത്തി വളർത്തേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന ദൗത്യമാണ്. വിജ്ഞാന വിസ്‌ഫോടനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഓരോ നിമിഷവും പുതിയ അറിവുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ അന്വേഷണാത്മക മനോഭാവം വളർത്തിയെടുക്കണം. നിർമിത ബുദ്ധിയുടെ യുഗത്തിൽ അറിവ് സമ്പാദിക്കാനുള്ള ജിജ്ഞാസയാണ് ജീവിത വിജയത്തിന്റെ അടിത്തറ. കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും അവർ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത സർവകലാശാലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതും അഭിമാനകരമാണ്. ശാസ്ത്രബോധവും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുന്നതിനായി 'സെന്റേഴ്സ് ഓഫ് സയന്റിഫിക് ടെംപർ' ആരംഭിക്കും. കുട്ടികളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപം. നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. എല്ലാ വിദ്യാർഥികൾക്കും നന്മ നിറഞ്ഞ അധ്യയന വർഷം ആശംസിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഈ അധ്യയന വർഷത്തിലെ അക്കാദമിക് കലണ്ടർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായി. മേയർ വി. വി. രാജേഷ് വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, വാർഡ് കൗൺസിലർ രേഷ്മ പി തുടങ്ങിയവർ ആശംസകളർപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്‌റടർ ആസിഫ് കെ യൂസഫ് നന്ദിയും അറിയിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളോടെയാണ് പ്രവേശനോൽസവത്തിന് തുടക്കമായത്. ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ക്ലാസിലെത്തി മധുരം നൽകിയതും ചടങ്ങിനെ ശ്രദ്ധേയമാക്കി.
.jpg)


.gif)
Post a Comment