ഗിഗ് തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍; ഏതൊക്കെ വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.

 

ഇന്ത്യയിലെ അതിവേഗം വളരുന്ന ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. അപകട ഇന്‍ഷുറന്‍സ്, ആരോഗ്യ പരിരക്ഷ, മാതൃത്വ ആനുകൂല്യങ്ങള്‍, വയോജന സുരക്ഷ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കുക.പൂര്‍ണ സമയ ജോലിയല്ലാതെ, ഫുഡ് ഡെലിവറി, ഇ-കൊമേഴ്സ് പോലുള്ള ജോലികള്‍ ചെയ്യുന്ന സ്വതന്ത്ര കരാര്‍ തൊഴിലാളികളെയാണ് ഗിഗ് തൊഴിലാളികളെന്ന് കണക്കാക്കുന്നത്. പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ തൊഴിലാളി ഡാറ്റാബേസ് ഇ-ശ്രം പോര്‍ട്ടലുമായി ജൂണ്‍ 22 മുന്‍പ് സംയോജിപ്പിക്കാന്‍ ഇത്തരം പ്ലാറ്റ്‌ഫോം കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. സോഷ്യല്‍ സെക്യൂരിറ്റി കോഡിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ സജീവമായി നടപ്പാക്കും. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഔപചാരിക സുരക്ഷാ വലയം ഒരുക്കുകയാണ് ലക്ഷ്യമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇന്ത്യയിലെ ഗിഗ് ഇക്കോണമി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളരെ വേഗത്തില്‍ വളരുകയാണ്. ഫുഡ് ഡെലിവറി, ഓണ്‍ലൈന്‍ ടാക്‌സി പോലുള്ള റൈഡിങ് ജോലികള്‍, ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്സ്, ഫ്രീലാന്‍സ് ഡിജിറ്റല്‍ സര്‍വീസുകള്‍ എന്നിവയാണ് പ്രധാന മേഖലകള്‍. നിലവില്‍ ഏകദേശം ഒരു കോടി തൊഴിലാളികള്‍ ഈ മേഖലയിലുണ്ട്. 20230 ഓടെ ഇത് 2.5 കോടിയോളം എത്തുമെന്ന് വിലയിരുത്തുന്നു.ഈ മേഖല ഇന്ത്യയുടെ തൊഴില്‍ വിപണിയില്‍ തന്ത്രപ്രധാനമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. അതിനാല്‍ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കായി നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി ബോര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷയും സാമൂഹിക സംരക്ഷണവും ഉറപ്പാക്കുന്ന പദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍ ഈ ബോര്‍ഡ് പ്രധാന പങ്ക് വഹിക്കും.

സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട്

ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് രൂപീകരിക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുന്നുണ്ട്. സോഷ്യല്‍ സെക്യൂരിറ്റി കോഡിന്റെ കീഴില്‍ ഗിഗ് തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്, ആരോഗ്യ ആനുകൂല്യങ്ങള്‍, മാതൃത്വ സഹായം, വയോജന സുരക്ഷ, ധനസഹായം, വിദ്യാഭ്യാസ സഹായം, മരണം സംഭവിച്ചാല്‍ സഹായം തുടങ്ങിയവ നല്‍കേണ്ടതാണ്. ഈ വ്യവസ്ഥകള്‍ പ്രായോഗികമായി നടപ്പാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.



Post a Comment

Previous Post Next Post

AD01