ടിക്കറ്റില്ലാതെ ട്രെയിൻ കയറിയാൽ ഇനി ഇരട്ടി പണി; പിഴ കൂട്ടി ഇന്ത്യൻ റെയിൽവേ


ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും അനധികൃതമായും യാത്ര ചെയ്യുന്നവർക്ക് ഇനി എട്ടിന്റെ പണി കിട്ടും. ഇത്തരത്തിൽ യാത്ര ചെയ്യുന്നവരിൽ നിന്നും ഈടാക്കുന്ന മിനിമം പിഴ ഇന്ത്യൻ റെയിൽവേ ഇരട്ടിയാക്കിയിരിക്കുകയാണ്. 2026 ജൂൺ 20 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായിട്ടാണ് റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 2026ലെ ജനവിശ്വാസ് ആക്ട് വ്യവസ്ഥകൾ പ്രകാരം, 1989ലെ റെയിൽവേ ആക്ടിലെ 137, 138 വകുപ്പുകൾക്ക് കീഴിലുള്ള കുറഞ്ഞ പിഴ തുകയാണ് വർധിപ്പിച്ചത്. ഇതുവരെ 250 രൂപയായിരുന്ന കുറഞ്ഞ പിഴ ഇനി മുതൽ 500 രൂപയായി ഉയരും. പിഴ നടപടികൾ ഒഴിവാക്കുന്നതിനായി യാത്രക്കാർ സാധുവായ ടിക്കറ്റുകളുമായി യാത്ര ചെയ്യണമെന്നും റെയിൽവേ അറിയിച്ചു. ട്രെയിൻ യാത്ര തുടങ്ങിയ സ്റ്റേഷൻ ഏതെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിൽ, സർവീസ് ആരംഭിച്ച സ്റ്റേഷൻ മുതലുള്ള നിരക്ക് ഈടാക്കാനും റെയിൽവേക്ക് നിയമപരമായ അധികാരമുണ്ട്. ടിക്കറ്റ് പരിശോധകർ ആവശ്യപ്പെടുന്ന പിഴയോ യാത്രാക്കൂലിയോ നൽകാൻ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരും. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്ത 4.96 ലക്ഷം ആളുകളിൽ നിന്നായി 40.85 കോടി രൂപയാണ് സെൻട്രൽ റെയിൽവേ സോൺ പിഴയായി ഈടാക്കിയത്.



Post a Comment

0 Comments