സിനിമാ പ്രമോഷനല്ല, സ്‌നേഹം മാത്രം! ആരാധകർക്കൊപ്പം 6 മണിക്കൂർ ചെലവഴിച്ച് അല്ലു അർജുൻ; ഒപ്പം ഇൻഷുറൻസ് പരിരക്ഷയും

 

തന്റെ ആരാധകരോടുള്ള അളവറ്റ സ്‌നേഹവും നന്ദിയും വെളിപ്പെടുത്തി ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി എത്തിയ ആയിരത്തോളം അല്ലു അര്‍ജുന്‍ ഫാന്‍സ് അസോസിയേഷന്‍ (AAFA) അംഗങ്ങള്‍ക്കായി ആറ് മണിക്കൂറിലേറെ സമയമാണ് താരം മാറ്റിവെച്ചത്. കേരളത്തില്‍ നിന്നുള്ള ആരാധകരും ചടങ്ങിനെത്തിയിരുന്നു. താരപ്പൊലിമയ്ക്കപ്പുറം, പങ്കെടുത്ത ഓരോരുത്തരുടെയും മനസ്സ് നിറച്ച അതിതീവ്രമായ സ്‌നേഹപ്രകടനങ്ങള്‍ കൊണ്ട് ഈ ആരാധക സംഗമം വേറിട്ടു നിന്നു.

ആരാധകരോടൊപ്പം വെറുമൊരു ഫോട്ടോ ഷൂട്ടിനായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുക മാത്രമായിരുന്നില്ല അല്ലു അര്‍ജുന്‍ ചെയ്തത്. ആറ് മണിക്കൂറിലധികം സമയം ആരാധകര്‍ക്കൊപ്പം ഡാന്‍സ് കളിച്ചും തമാശകള്‍ പങ്കുവെച്ചും സംസാരിച്ചും താരം ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. തങ്ങളുടെ സൂപ്പര്‍താരത്തെ കാണാന്‍ എത്തിയ ആരാധകര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പുനഃസംഗമം പോലെയായിരുന്നു അല്ലുവിനോടൊപ്പമുള്ള നിമിഷങ്ങള്‍ ചെലവഴിച്ചത്.കരിയറിന്റെ തുടക്കം മുതല്‍ തന്റെ വളര്‍ച്ചയില്‍ ഒപ്പം നിന്ന മനുഷ്യരുമായി അല്ലു പുലര്‍ത്തുന്ന അപൂര്‍വ്വമായ ആത്മബന്ധത്തിന്റെ തെളിവായിരുന്നു ഇത്. തന്റെ ആരാധകരുടെ ക്ഷേമത്തിന് താരം നല്‍കുന്ന വലിയ പ്രാധാന്യം വ്യക്തമാക്കുന്ന മറ്റൊരു നിര്‍ണ്ണായക പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. പരിപാടിയില്‍ പങ്കെടുത്ത 1,000 AAFA അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കി. ഏഴ് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ആരാധകര്‍ പ്രിയതാരത്തെ കാണാനെത്തിയത്.

അവരുടെ സ്‌നേഹത്തിന് പകരമായി, പുതിയ സിനിമാ പ്രമോഷനുകളോ ബ്രാന്‍ഡ് ഇവന്റുകളോ ഒന്നുമില്ലാതെ, കേവലം നന്ദി പറയാനായി മാത്രം അല്ലു അര്‍ജുന്‍ ഒരു ദിവസം മുഴുവന്‍ മാറ്റിവെക്കുകയായിരുന്നു. സെലിബ്രിറ്റികള്‍ ആരാധകര്‍ക്കായി ഏതാനും മിനിറ്റുകള്‍ മാത്രം മാറ്റിവെക്കുന്ന ഈ കാലഘട്ടത്തില്‍, തനിക്കേറ്റവും പ്രിയപ്പെട്ട 'സമയം' തന്നെയാണ് താരം അവര്‍ക്ക് സമ്മാനമായി നല്‍കിയത്. ഒരു സൂപ്പര്‍താരത്തെ കണ്ടു എന്നതിലുപരി, തങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരാളോടൊപ്പം സമയം ചെലവഴിച്ച ഓര്‍മ്മകളോടെയാണ് ഓരോ ആരാധകനും മടങ്ങിയത്.



Post a Comment

0 Comments