ദേശീയപാത 66: സുരക്ഷ ഉറപ്പാക്കാൻ ചാത്തന്നൂരിൽ സോയിൽ നെയ്‌ലിങ്, കേരളത്തിൽ ഗുണകരമാവില്ലെന്ന് വിദഗ്‌ധർ  കൊല്ലം ദേശീയപാത 66 നിർമാണത്തിൽ വീണ്ടും പാളിച്ചയെന്നു വിലയിരുത്തൽ. മണ്ണിട്ട് ഉയർത്തി നിർമിച്ച പാതയുടെ മുകൾ ഭാഗത്തുള്ള റീ ഇൻഫോഴ്സ്ഡ് എർത്ത് പാനൽ (ആർഇ പാനൽ) പലഭാഗത്തും പുറത്തേക്കു തള്ളി നിൽക്കുകയാണ്. അതു ബലക്ഷയത്തിനു കാരണമാകുമെന്നാണ് ആശങ്ക. ഇതു പരിഹരിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സോയിൽ നെയ്ലിങ് ചാത്തന്നൂരിൽ തുടങ്ങി. നേരത്തേ ഇതു പാരിപ്പള്ളിയിലും നടത്തിയിരുന്നു.തിരുവനന്തപുരം- കൊല്ലം ഭാഗത്തെ അടിപ്പാത തുടങ്ങുന്നതിനോടു ചേർന്നുള്ള ഭാഗത്താണ് ഇതു തുടങ്ങിയത്. മണ്ണിട്ടുയർത്തിയ പാതയുടെ പാർശ്വഭാഗത്തുള്ള ആർഇ പാനൽ തുളച്ച് ഇരുമ്പു കമ്പി ഉള്ളിലേക്കു കയറ്റിയാണ് റോഡ് ബലപ്പെടുത്തുന്നത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള വശത്തും ആർഇ പാനൽ പലയിടത്തും പുറത്തേക്കു തള്ളിനിൽക്കുകയാണ്. എന്നാൽ സോയിൽ നെയ്ലിങ് ഫലപ്രദമാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.സോയിൽ നെയ്‌ലിങ് എന്നാൽ

മണ്ണിടിച്ചിൽ തടയാനും ബലക്കുറവുള്ള ചരിവുകൾ സുരക്ഷിതമാക്കാനുമുള്ള സാങ്കേതിക വിദ്യയാണ് സോയിൽ നെയ്ലിങ്. കുത്തനെ നിൽക്കുന്ന മണ്ണിൽ നീളവും ബലവുമുള്ള ഇരുമ്പ് കമ്പികൾ തുളച്ചു കയറ്റി കോൺക്രീറ്റ് (ഗ്രൗട്ട്) ഉപയോഗിച്ച് ഉറപ്പിച്ചു നിർത്തുകയാണ് ചെയ്യുന്നത്. മണ്ണിട്ടുയർത്തി നിർമിച്ച പാതയിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ നിരന്തരം കടന്നു പോവുകയും മഴവെള്ളം ഇറങ്ങുകയും ചെയ്‌താൽ ഇത് എത്രമാത്രം സുരക്ഷിതമാണ് എന്ന ആശങ്ക ഉയരുന്നുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതിയിൽ സോയിൽ നെയ്‌ലിങ് ഗുണകരമല്ലെന്നാണ് റോഡ് സുരക്ഷാ വിദഗ്‌ധർ പറയുന്നത്.ചാത്തന്നൂർ ഉയരപ്പാത നിർമാണത്തിൽ ഗുരുതരമായ പിഴവുണ്ടായതായി നേരത്തേ പരാതി ഉയർന്നിരുന്നു. മേൽപാത നിർമാണത്തിലെ പാളിച്ച മൂലം ഗുരുതരമായ അപകടഭീഷണി നിൽക്കുന്നതായി കാണിച്ച് പൊലീസ് നേരത്തേ ബന്ധപ്പെട്ടവർക്കു റിപ്പോർട്ട് നൽകിയിരുന്നു. നൂറു കണക്കിന് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്ന തിരക്കേറിയ പ്രദേശമാണിത്. ഉയരപ്പാത തകർന്നാൽ വലിയ ദുരന്തം ഉണ്ടാകുമെന്നാണ് ഈ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി പൊലീസ് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ദേശീയപാത അതോറിറ്റി പ്രോജക്ട് ഓഫിസർ, റീജനൽ ഓഫിസർ, കലക്ട‌ർ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് ചാത്തന്നൂർ വികസന സമിതിയും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നു നടത്തിയ ചർച്ചയിൽ മണ്ണ് പരിശോധനാ ഫലം അനുകൂലമാണെന്നായിരുന്നു അധികൃതർ നൽകിയ വിശദീകരണം. എന്നാൽ പാരിപ്പള്ളിയിലെ ഉയരപ്പാത സംബന്ധിച്ച് ഐഐടി നടത്തിയ പഠന റിപ്പോർട്ടിന്റെ പകർപ്പ് കല്ലുവാതുക്കൽ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും ദേശീയപാത അധികൃതർ നൽകിയില്ലെന്ന് ആക്ഷേപമുണ്ട്.



Post a Comment

0 Comments