'ശബരിമലയ്ക്ക് ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ കുടുംബം ഇല്ല; താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണം'


ആലപ്പുഴ: താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന്‍. ശബരിമല അയ്യപ്പക്ഷേത്രത്തിനും കോടാനുകോടി സ്വാമി ഭക്തര്‍ക്കും ഇത്രയും അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്ന് രാധാകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ശബരിമലയില്‍ ആചാരലംഘനം നടത്തിയ മനീതി സംഘം പോലും ഇത്രയും അശുദ്ധി വരുത്തിയിട്ടില്ല. മകന്‍ ബ്രഹ്‌മദത്തരെ തന്ത്രിയാക്കണമെന്നാണ് സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായ രാജീവരരുടെ ആവശ്യം. ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന പ്രതികളുടെ മക്കള്‍ക്കായി സംവരണം ചെയ്തതാണോ ശബരിമല തന്ത്രിസ്ഥാനം?. ക്ഷേത്ര തന്ത്രിമാരെ തല്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ക്ഷേത്ര ഉടമകള്‍ക്ക് അവകാശമുണ്ടോയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു. ശബരിമല തന്ത്രിമാര്‍ക്ക് തന്ത്ര വിദ്യയില്‍ വിജ്ഞാനവും പരിശീലനവും ഉണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ട്. തന്ത്രികളെ നിയമിക്കാന്‍ അധികാരമുണ്ടെങ്കില്‍ തന്ത്രികളെ നീക്കാനും നിയമനാധികാരിക്ക് അധികാരുണ്ട്. അതുകൊണ്ട് തന്ത്രി കുടുംബം എന്തു തീവെട്ടിക്കൊള്ള ചെയ്താലും അവരെ തല്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ പാടില്ല എന്ന വാദം യുക്തിസഹമല്ല. ദേവസ്വം ബോര്‍ഡ് ഈ കാര്യത്തില്‍ ശരിയായ തീരുമാനം എടുക്കണം. ക്രിമിനല്‍ കേസില്‍ നടപടികള്‍ നേരിടുന്ന പ്രതികള്‍ നിര്‍ദേശിക്കുന്ന ആരെയും അവരുടെ യോഗ്യതകള്‍ പരിഗണിക്കാതെ, കുടുംബ പാരമ്പര്യം മാത്രം നോക്കി നിയമിക്കാനുള ഒരു ബാധ്യതയും ദേവസ്വം ബോര്‍ഡിനില്ലെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണം. കാരണം, ശബരിമല അയ്യപ്പ ക്ഷേത്രത്തിനും കോടാനു കോടി സ്വാമിഭക്തര്‍ക്കും ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ല. ശബരിമലയില്‍ ആചാര ലംഘനം നടത്തി അശുദ്ധി വരുത്തിയ മനീതീ സംഘം പോലും തന്ത്രി കുടുംബം ചെയ്ത അത്ര അശുദ്ധി ശബരിമലക്ക് ഉണ്ടാക്കിയിട്ടില്ല. കാരണം, മനീതി സംഘം ചെയ്ത അശുദ്ധി പരിഹാര ക്രിയ്യ ചെയ്തുശുദ്ധമാക്കാന്‍ കഴിയും. മോഹനര് തന്ത്രിയെ വേശ്യപ്പുരയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ജയിലില്‍ പോയി ക്രിമിനല്‍ കേസില്‍ വിചാരണ നേരിട്ടു. ധര്‍മ്മ ശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്‌മചര്യ ഭാവ പ്രതിഷ്ഠയുള്ള ശബരിമലയിലെ തന്ത്രിയെയാണ് വേശ്യപ്പുരയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. മോഹനരരുടെ സഹോദരന്‍ രാജീവര് വ്യാജരേഖ ചമച്ച് സ്വര്‍ണ്ണക്കൊള്ള നടത്തിയ രണ്ടു കേസിലെ പ്രതിയാണ്. പ്രതിഷ്ഠാമൂര്‍ത്തിയുടെ പിതൃസ്ഥാനം തന്ത്രിക്കാണ് എന്നാണ് അവകാശവാദം. അങ്ങിനെയെങ്കില്‍ പുത്രഹത്യക്ക് കൂട്ടു നിന്ന പിതാവ് എന്ന ദുഷ്‌പേരുകൂടി രാജീവരര്‍ക്ക് ലഭിക്കും. ഇതിന് എന്തു പരിഹാരമാണുള്ളത്. മോഹനര് ജയിലില്‍ കിടന്നപ്പോള്‍ തന്റെ മകന്‍ മഹേശരരെ തന്ത്രിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ഉടമകളാണ് തന്ത്രികളെ നിയമിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ശബരിമല ക്ഷേത്രത്തിന്റെ ഉടമകള്‍. അവര്‍ അത് അംഗീകരിച്ചു. മോഹനരരുടെ മകന്‍ മഹേശ്വരര് തന്ത്രിയായി. രാജീവരര് സ്വര്‍ണ്ണക്കൊള്ള നടത്തിയതിന് ജയിലില്‍ കിടക്കുകയും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടു വിചാരണ നേരിടുകയും ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മകന്‍ ബ്രഹ്‌മദത്തരരെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു അദ്ദേഹം കത്ത് നല്‍കിയിരിക്കുന്നു. ക്രിമനല്‍ കേസില്‍ ഉള്‍പ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കള്‍ക്ക് വേണ്ടി സംവരണം ചെയ്തു സൂക്ഷിച്ചിട്ടുള്ള പദവിയാണോ ശബരിമല തന്ത്രിയുടേത്? ക്ഷേത്ര തന്ത്രിമാരെ തല്‍ സ്ഥാനത്തു നിന്നു മാറ്റാന്‍ ക്ഷേത്ര ഉടമകള്‍ക്ക് അവകാശമുണ്ടോ? ഇക്കാര്യം കേരള ഹൈക്കോടതി സൂക്ഷ്മമായി പരിശോധിച്ച കൊണ്ട് 2025 ല്‍ വിധി പറഞ്ഞു. തന്ത്രി സമാജം കൊടുത്ത കേസിലായിരുന്നു വിധി. ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങളില്‍ തന്ത്രികള്‍ക്ക് ഉള്ള അധികാരം കോടതി അംഗീകരിച്ചു. എന്നാല്‍, ഭരണ ഘടനക്കും നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസരിച്ച് തന്ത്രികളെ മാറ്റാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്നും കോടതി വിധിച്ചു. കര്‍ണ്ണാടക ഹൈക്കോടതി (2025) പരമ്പരാഗത തന്ത്രി കുടുംബത്തിലെ നിയമപ്രകാരം അര്‍ഹതയുള്ള അംഗം മാത്രമേ തന്ത്രിയാകാന്‍ പാടുളളു എന്നും വിധിച്ചു. തന്ത്ര വിദ്യയിലും തന്ത്ര വിധിയിലും പ്രാവീണ്യവും പരിശീലനവും നേടിയ വ്യക്തിയായിരിക്കണം തന്ത്രി എന്നും വിധിയില്‍ വിശദീകരിച്ചു. തന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെടുന്ന വ്യക്തി തന്ത്രവിദ്യ പഠിക്കുകയും പരിശീലിക്കുകയും ചെയ്തിരിക്കണം എന്നു സാരം. ഗായത്രി മന്ത്രം പോലും അറിയാത്തവരും ഗണപതി ഹോമത്തിന് ഉപയുക്തമാക്കുന്ന മന്ത്രങ്ങള്‍ നിശ്ചയമില്ലാത്തവരും ശബരിമല തന്ത്രിയായിട്ടുണ്ട് എന്ന് ഇക്കാര്യത്തെ കുറിച്ചു സമഗ്രമായി പഠിച്ച ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ എഴുതിയ കാര്യവും ഓര്‍ക്കുക. ശബരിമല തന്ത്രിമാര്‍ക്ക് തന്ത്ര വിദ്യയില്‍ വിജ്ഞാനവും പരിശീലനവും ഉണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത, തന്ത്രികളുടെ നിയമനാധികാരിയായ, ദേവസ്വം ബോര്‍ഡിനുണ്ട്. തന്ത്രികളെ നിയമിക്കാന്‍ അധികാരമുണ്ടെങ്കില്‍ തന്ത്രികളെ നീക്കാനും നിയമനാധികാരിക്ക് അധികാരുണ്ട്. അതുകൊണ്ട്, തന്ത്രി കുടുംബം എന്തു തീവെട്ടിക്കൊള്ള ചെയ്താലും അവരെ തല്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ പാടില്ല എന്ന വാദം യുക്തിസഹമല്ല എന്നു മാത്രമല്ല അതിന് നിയമ സാധുതയുമില്ല. ആയതിനാല്‍, ദേവസ്വം ബോര്‍ഡ് ഈ കാര്യത്തില്‍ ശരിയായ തീരുമാനം എടുക്കണം. ക്രിമിനല്‍ കേസില്‍ നടപടികള്‍ നേരിടുന്ന പ്രതികള്‍ നിര്‍ദ്ദേശിക്കുന്ന ആരെയും , അവരുടെ യോഗ്യതകള്‍ പരിഗണിക്കാതെ, കുടുംബ പാരമ്പര്യം മാത്രം നോക്കി നിയമിക്കാനുള ഒരു ബാധ്യതയും ദേവസ്വം ബോര്‍ഡിനില്ല. 



Post a Comment

0 Comments