ഒറ്റക്കെട്ടായി പോകാന്‍ സ്ഥാനങ്ങള്‍ പങ്കുവെക്കേണ്ടത് അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുപ്പിച്ച് സിപിഐ


തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ തര്‍ക്കമില്ലെന്നും ആ ആസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ലെന്നും എല്ലാ കീഴ്‌വഴക്കങ്ങളും മാറ്റേണ്ടി വന്നാല്‍ മാറ്റിയേ തീരൂവെന്നും ബിനോയ് വിശ്വം പറഞ്ഞു. കീഴ്‌വഴക്കമല്ല, രാഷ്ട്രീയവും എല്‍ഡിഎഫും ഒന്നിച്ചു പോക്കുമാണ് വലുതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ബിനോയ് വിശ്വത്തിന്റെ പരസ്യ പ്രതികരണം. എല്‍ഡിഎഫ് മുന്നോട്ടു പോകണം. എല്ലാ സ്ഥാനവും ഒറ്റ പാര്‍ട്ടിക്ക് എന്ന രീതി മാറിയേ തീരൂ. സ്ഥാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ അത് പങ്കുവയ്ക്കണം. സിപിഐയുടെ ആവശ്യം എല്‍ഡിഎഫിനെ ദുര്‍ബലമാക്കാന്‍ അല്ല ശക്തമാക്കാനാണെന്നും അദ്ദേഹം വിശദീകരിച്ചു. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ സ്ഥാനങ്ങള്‍ പങ്കുവെക്കേണ്ടത് അനിവാര്യമാണെന്ന ഓര്‍മപ്പെടുത്തലുമുണ്ടായി. മുഖ്യമന്ത്രി പട്ടം വേണ്ടെന്നുവെച്ച പാര്‍ട്ടിക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് എന്ത് വലിപ്പമെന്നും അദ്ദേഹം ചോദിച്ചു. പക്ഷേ എല്‍ഡിഎഫിനുള്ളില്‍ ആ ബോധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമാകുമ്പോള്‍ മുന്നണിയില്‍ എല്ലാ സ്ഥാനവും പങ്കുവെച്ചാണ് മുന്നോട്ടു പോകേണ്ടത്. പരസ്യമായിട്ടല്ല ഇക്കാര്യം സിപിഐ ആദ്യം പറഞ്ഞത്. സിപിഐ സിപിഐഎം ചര്‍ച്ചകളില്‍ മാന്യമായി ആണ് ഇക്കാര്യം ആദ്യം ഉന്നയിച്ചതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അതിനായി സിപിഐ നല്‍കിയ കത്തുകളും സിപിഐഎമ്മിന്റെ മറുപടികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും അറിയാതെ സിപിഐ പുറത്തു പറഞ്ഞത് എന്തോ അപരാധമായി എന്നു പറയുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. എപ്പോള്‍ എങ്ങനെ പറയണം എന്ന് നല്ല ബോധ്യം സിപിഐക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ - സിപിഐഎം ഉഭയകക്ഷി ചര്‍ച്ചയെ കുറിച്ചും ബിനോയ് വിശ്വം വിശദീകരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വിളിച്ചിരുന്നു. പതിനാലിന് കാണാമോ എന്ന് ചോദിച്ചു. തീര്‍ച്ചയായും കാണാമെന്ന് താന്‍ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സിപിഐഎം ബന്ധം അങ്ങനെ എല്ലാ കാലത്തും ഉണ്ട്. എം എന്‍ സ്മാരകത്തിലേക്ക് വരാം എന്നാണ് ടി പി രാമകൃഷ്ണന്‍ പറഞ്ഞത്. എത്രവട്ടം വേണമെങ്കിലും സിപിഐക്കും സിപിഐഎമ്മിനും പരസ്പരം കാണാം. ഇത്തരം കൂടിക്കാഴ്ചകളും പോക്കുവരവകളും പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments