വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഏഴാമത്തെ എഐ റോബോട്ടിക്സ് ലാബ് വര്‍ക്കലയില്‍


തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കായി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലും ധനസഹായത്തിലും തയ്യാറാക്കിയ റോബോട്ടിക്സ് എഐ ലാബ് പ്രവര്‍ത്തനസജ്ജം. വര്‍ക്കല ചെറുന്നിയൂര്‍ മാര്‍ത്തോമ സെന്‍ട്രല്‍ സ്‌കൂളിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ് സ്ഥാപിച്ചിട്ടുള്ളത്. യുഎഇയില്‍ നിന്നുള്ള ഒരു കൂട്ടം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ആശയത്തിനു പിന്നില്‍. പൂര്‍ണമായും വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചതും വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ളതുമായ റോബോട്ടിക്സ് എഐ ആന്‍ഡ് ഇന്നൊവേഷന്‍ ലാബ് (ആര്‍എഐഎല്‍) ഇന്ത്യയിലെ പിന്നാക്ക മേഖലകളിലുള്ള സ്‌കൂളുകളിലാണ് ലഭ്യമാക്കുന്നത്. ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തി രാജ്യത്ത് നിര്‍മ്മിക്കുന്ന ഏഴാമത്തെ റോബോട്ടിക്സ് എഐ ലാബാണ് വര്‍ക്കലയിലേത്. ആര്‍എഐഎല്‍ പ്രോജക്റ്റ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ റോബോട്ടിക്‌സ്, എ.ഐ പരിശീലന സ്ഥാപനമായ യുണീക്ക് വേള്‍ഡ് റോബോട്ടിക്സിന്റെ ഒരു സംരംഭമാണ്. കുട്ടികളില്‍ റോബോട്ടിക്‌സ്, പ്രോഗ്രാമിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ഭാവി സാങ്കേതിക കഴിവുകള്‍ വളര്‍ത്തിയെടുക്കുകയാണ് ഈ സ്ഥാപനം ലക്ഷ്യമിടുന്നത്. യുണീക്ക് വേള്‍ഡ് റോബോട്ടിക്സിന്റെ സഹായത്തോടെ യുഎഇയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ലാബ് നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനും നേതൃത്വം നല്‍കുന്നത്.

 2022-ല്‍ ചെറുന്നിയൂര്‍ മാര്‍ത്തോമ സ്‌കൂളില്‍ ഇവര്‍ സ്ഥാപിച്ച ആദ്യത്തെ ലാബ് നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും നവീകരിച്ചാണ് വീണ്ടും തുറന്നത്. നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രൈമറി തലം മുതല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളുകളില്‍ ലാബ് സ്ഥാപിക്കുന്നതെന്ന് യുണീക്ക് വേള്‍ഡ് റോബോട്ടിക്‌സ് ഫൗണ്ടറും സിഇഒയുമായ ബന്‍സന്‍ തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 


റോബോട്ടിക്സ് എഐ ലാബ് രൂപകല്‍പ്പന ചെയ്യാനും പഠിപ്പിക്കാനും ഉള്‍പ്രദേശത്തെ സ്‌കൂളുകള്‍ തെരഞ്ഞെടുക്കാമെന്നാണ് തീരുമാനിച്ചത്. വിദ്യാര്‍ഥികള്‍ നേരിട്ട് മറ്റ് വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്ന ഈ ആശയത്തിന് ഇന്ത്യയില്‍ മുന്‍മാതൃകകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈ 20 മുതല്‍ 26 വരെ യുഎഇയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മാര്‍ത്തോമാ സെന്‍ട്രല്‍ സ്‌കൂളില്‍ 'ഫ്യൂച്ചര്‍ റെഡി യാത്ര' എന്ന പരിപാടിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിവരികയാണ്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കൂടുതല്‍ നൂതനമായ കിറ്റുകളും പുതുക്കിയ അടിസ്ഥാന സൗകര്യങ്ങളുമായി പൂര്‍ണമായി നവീകരിച്ച ലാബ് ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.


നിഖിലേഷ് കക്കര്‍ (ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമി, അല്‍ ബര്‍ഷ), ശൗര്യ ചൗധരി (ജുമൈറ കോളേജ്), ആദിത്യ ആനന്ദ് (ജെംസ് ന്യൂ മില്ലേനിയം സ്‌കൂള്‍, അല്‍ ഖൈല്‍), കൃതിന്‍ സത്യ (ദുബായ് കോളേജ്), ആര്‍ണവ് ഭാര്‍ഗവ (ജെംസ് മോഡേണ്‍ അക്കാദമി), മുഹമ്മദ് മിഫ്‌സല്‍ മഹറൂഫ് (ജെംസ് ന്യൂ മില്ലേനിയം സ്‌കൂള്‍), ചാനുക്യ ടെകേതി (പേള്‍ വിസ്ഡം സ്‌കൂള്‍), ശ്യോണ്‍ സേബിള്‍ (ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമി എമിറേറ്റ്‌സ് ഹില്‍സ്), പ്രണവ് പ്രവീണ്‍ നായര്‍ (ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍, ദുബായ്), സന കൗശിക് (പ്രിസ്റ്റൈന്‍ പ്രൈവറ്റ് സ്‌കൂള്‍, ദുബായ്) എന്നീ വിദ്യാര്‍ഥികളാണ് പരിശീലക സംഘത്തിലുള്ളത്.



ചെറുന്നിയൂരില്‍ ആദ്യ ലാബ് സ്ഥാപിച്ചതിന് ശേഷം നാല് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ മറ്റ് പല സ്‌കൂളുകളിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ചെറുന്നിയൂരിലേതും കണ്ണൂര്‍ മാലൂരിലെ പനമ്പറ്റ ന്യൂ യുപി സ്‌കൂളിലേതും ഉള്‍പ്പെടെ ഈ സംരംഭത്തിന് കീഴില്‍ രാജ്യത്തുടനീളം പൂര്‍ത്തിയായ ഏഴ് ആര്‍എഐഎല്‍ ലാബുകളാണുള്ളത്.

റോബോട്ടിക്സ്, എഐ വിദ്യാഭ്യാസം എന്നിവയുടെ ലഭ്യത സ്‌കൂളിന്റെ സ്ഥലം, സാമ്പത്തികസ്ഥിതി, പ്രചാരം എന്നിവയെ ആശ്രയിച്ച് മാത്രമായിരിക്കരുതെന്ന് യുഎഇയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞ സ്ഥലങ്ങളിലെ വിടവ് നികത്താന്‍ വിദ്യാര്‍ഥികളിലൂടെയും സാധിക്കുമെന്ന് ഈ പരിപാടി തെളിയിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, ഓട്ടോമേഷന്‍ എന്നീ അത്യാധുനിക സാങ്കേതികവിദ്യകളില്‍ പ്രായോഗിക പരിശീലനവും ഗവേഷണവും നല്‍കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള നൂതന പഠനകേന്ദ്രങ്ങളാണ് എഐ റോബോട്ടിക്സ് എഐ ആന്‍ഡ് ഇന്നൊവേഷന്‍ ലാബുകള്‍. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സാങ്കേതിക വിദ്യകള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനും ഇത്തരം ലാബുകള്‍ സഹായിക്കും.





إرسال تعليق

0 تعليقات