‘ഗുണമേന്മ കുറഞ്ഞ നെയ് അരവണയില്‍ ചേര്‍ത്തത് നീതീകരിക്കാനാകാത്ത കാര്യം; ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡിനും വീഴ്ച’; കെ ജയകുമാര്‍


ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ തനിക്ക് പ്രയാസമുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ട്വന്റിഫോറിനോട്. നെയ് വാങ്ങിയതിലെ ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഗുണമേന്മ കുറഞ്ഞ നെയ് അരവണയില്‍ ചേര്‍ത്തത് ഒരുതരത്തിലും നീതീകരിക്കാന്‍ കഴിയാത്ത കാര്യം. നെയ് പണം കൊടുത്ത് വാങ്ങേണ്ടതില്ലെന്ന തന്റെ ബോര്‍ഡിന്റെ തീരുമാനം ശരിയെന്ന് തെളിഞ്ഞെന്നും കെ ജയകുമാര്‍ പറഞ്ഞു. മനപ്രയാസമുള്ള കാര്യങ്ങളാണ് കേള്‍ക്കുന്നത് ജയകുമാര്‍ പറഞ്ഞു.ശബരിമലയിലാണ് ഈ നെയ് എത്തിയത് എന്നുള്ളത് ശരി തന്നെ. മില്‍മയ്ക്കാണ് ഓര്‍ഡര്‍ കൊടുത്തത്. ടെസ്റ്റ് ചെയ്യാന്‍ കൊടുത്തത് തന്നെയാണോ എത്തിയത് എന്നതൊക്കെ അന്വേഷിക്കേണ്ട കാര്യങ്ങളാണ്. നമ്മള്‍ നേരിട്ട് ഇടപെടുന്ന ഒരു കാര്യമല്ല. മില്‍മയോട് നമ്മള്‍ നെയ് ആവശ്യപ്പെട്ടു. അവര്‍ അത് സപ്ലൈ ചെയ്തു. ഫുഡ് സേഫ്റ്റിയുടെ ക്ലിയറന്‍സും ഉണ്ട്. അതുകൊണ്ട് ദേവസ്വം ബോര്‍ഡിന്റെ ഒരു വീഴ്ചയാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല – അദ്ദേഹം പറഞ്ഞു.മില്‍മയാണ് അവരുടെ ആ പിന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്നും ജയകുമാര്‍ ചൂണ്ടിക്കാട്ടി. എന്തിന് മില്‍മയില്‍ നിന്ന് നെയ് വാങ്ങിക്കേണ്ടി വന്നു എന്നുള്ളത് ഞാന്‍ ഇതിനു മുന്‍പ് തന്നെ പരിശോധിച്ചു. ആദ്യം പറഞ്ഞതുപോലെ ദേവസ്വം ബോര്‍ഡിന് വീഴ്ച ഉണ്ടായിട്ടില്ല എന്ന് കരുതുന്നു. വീഴ്ച വീഴ്ച എന്ന് പറഞ്ഞാല്‍ അള്‍ട്ടിമേറ്റായി ഇതിന്റെ സഫറര്‍ എന്താണ്? ക്വാളിറ്റി കുറഞ്ഞ നെയ് വന്നുവെങ്കില്‍ നമ്മുടെ അരവണയില്‍ ആണല്ലോ അത് ചേര്‍ത്തത്. അത് തെറ്റായ കാര്യം തന്നെയാണത്. അങ്ങനെ വരാനും പാടില്ല. ഏതായാലും ഈ വര്‍ഷം എന്തിനാണ് നെയ് വാങ്ങിച്ചത് എന്ന ചോദ്യം ഞാനിവിടെ ചോദിച്ചു. കാരണം ശബരിമലയില്‍ നെയ്ക്ക് ഒരു പഞ്ഞമില്ല. ശബരിമലയില്‍ ഏതായാലും നെയ് കാശ് കൊടുത്ത് വാങ്ങുന്ന പ്രശ്‌നമില്ലെന്ന് ഈ വിവാദം ഉണ്ടാകുന്നതിന് മുമ്പ് തന്നെ നമ്മുടെ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അവിടെ ഉള്ള നെയ് നമ്മള്‍ നേരത്തെ ശേഖരിച്ചു വെച്ച് അരവണ നിര്‍മ്മാണത്തിനുള്ള നെയ് ഉണ്ടാക്കണം എന്നുള്ളതല്ലാതെ കാശുകൊടുത്ത് ശബരിമലയില്‍ നെയ് വാങ്ങിക്കുന്നത് നീതീകരിക്കാനാവാത്തതായിട്ട് എനിക്ക് വ്യക്തിപരമായിട്ട് തന്നെ തോന്നി. അത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ആ തീരുമാനം ശരിയാണെന്നാണ് ഭഗവാന്‍ ഇപ്പോള്‍ കാണിച്ചു തന്നിരിക്കുന്നത് – അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിലും അദ്ദേഹം മറുപടി പറഞ്ഞു. പേര് ദോഷമായാലും ദേവസ്വം ബോര്‍ഡിനെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങള്‍, അറസ്റ്റുകള്‍, അന്വേഷണങ്ങള്‍ ഒക്കെയായാലും ഭക്തജനങ്ങള്‍ക്ക് വലിയ മനപ്രയാസം തന്നെയാണ്. ഇതൊക്കെ ഞങ്ങളുടെ അയ്യപ്പന്റെ ക്ഷേത്രത്തില്‍ നടന്നോ എന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. ഒരു അയ്യപ്പഭക്തന്‍ എന്നുള്ള നിലയ്ക്ക് എനിക്കും വിഷമമുണ്ട്. ധാര്‍മികമായ നവോത്ഥാനം ശബരിമലയിലെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകും എന്നാണ് എന്റെ പ്രാര്‍ത്ഥനയും പ്രതീക്ഷയും – അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments