താഴമൺ കുടുംബത്തിനെതിരായ പരാമർശം: 'കെ എസ് രാധാകൃഷ്ണൻ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽ പെട്ടുപോയി': രാഹുൽ ഈശ്വർ

 

താഴമണ്‍ കുടുംബത്തിനെതിരായ പരാമര്‍ശത്തില്‍ ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍. വിശ്വാസികള്‍ ആദരിക്കുന്ന കുടുംബമാണ് താഴമണ്‍ കുടുംബമെന്നും പ്രതികരണം അടിസ്ഥാനരഹിതമെന്നുമായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

കെ എസ് രാധാകൃഷ്ണന്‍ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ പെട്ടുപോയി. രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അസത്യങ്ങളും വ്യാജ പ്രചരണങ്ങളുമാണുള്ളത്. ബിജെപി നേതൃത്വം ഉത്തരവാദിത്വമില്ലാത്ത നിലപാടെടുക്കുമെന്ന് കരുതുന്നില്ല. നേതൃത്വം മറുപടി നല്‍കണം. സിപിഐഎം കള്ളക്കേസില്‍ കുടുക്കി 41 ദിവസം ജയിലില്‍ ഇട്ടയാളാണ് തന്ത്രി. അയ്യപ്പ വിശ്വാസികള്‍ തന്ത്രിക്കൊപ്പമാണ്.

തന്ത്രിസ്ഥാനത്തേക്ക് തന്റെ മകനെ കൊണ്ടുവരണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ട് വെച്ചത് അനാരോഗ്യകരണത്താലാണ്. അത് സ്വാഭാവിക രീതി മാത്രമാണ്. ശബരിമല തന്ത്രിയെ കരിവാരിത്തേയ്ക്കുന്നത് നല്ലതല്ല. കോടതിയില്‍ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു.താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്നായിരുന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്. ശബരിമല അയ്യപ്പക്ഷേത്രത്തിനും കോടാനുകോടി സ്വാമി ഭക്തര്‍ക്കും ഇത്രയും അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്ന് രാധാകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ശബരിമലയില്‍ ആചാരലംഘനം നടത്തിയ മനീതി സംഘം പോലും ഇത്രയും അശുദ്ധി വരുത്തിയിട്ടില്ല. മകന്‍ ബ്രഹ്‌മദത്തരെ തന്ത്രിയാക്കണമെന്നാണ് സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായ രാജീവരരുടെ ആവശ്യം. ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന പ്രതികളുടെ മക്കള്‍ക്കായി സംവരണം ചെയ്തതാണോ ശബരിമല തന്ത്രിസ്ഥാനം? ക്ഷേത്ര തന്ത്രിമാരെ തല്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ക്ഷേത്ര ഉടമകള്‍ക്ക് അവകാശമുണ്ടോയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു.

ശബരിമല തന്ത്രിമാര്‍ക്ക് തന്ത്ര വിദ്യയില്‍ വിജ്ഞാനവും പരിശീലനവും ഉണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ട്. തന്ത്രികളെ നിയമിക്കാന്‍ അധികാരമുണ്ടെങ്കില്‍ തന്ത്രികളെ നീക്കാനും നിയമനാധികാരിക്ക് അധികാരുണ്ട്. അതുകൊണ്ട് തന്ത്രി കുടുംബം എന്തു തീവെട്ടിക്കൊള്ള ചെയ്താലും അവരെ തല്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ പാടില്ല എന്ന വാദം യുക്തിസഹമല്ല. ദേവസ്വം ബോര്‍ഡ് ഈ കാര്യത്തില്‍ ശരിയായ തീരുമാനം എടുക്കണം. ക്രിമിനല്‍ കേസില്‍ നടപടികള്‍ നേരിടുന്ന പ്രതികള്‍ നിര്‍ദേശിക്കുന്ന ആരെയും അവരുടെ യോഗ്യതകള്‍ പരിഗണിക്കാതെ, കുടുംബ പാരമ്പര്യം മാത്രം നോക്കി നിയമിക്കാനുള ഒരു ബാധ്യതയും ദേവസ്വം ബോര്‍ഡിനില്ലെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ശബരിമല മേല്‍ശാന്തി നറുക്കെടുപ്പില്‍ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കും. അഭിമുഖത്തിനായി രാജീവരെ വിളിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രതിചേര്‍ത്തതോടെയാണ് തീരുമാനം. മേല്‍ശാന്തി അഭിമുഖത്തിന് രണ്ട് തന്ത്രിമാരാണ് പങ്കെടുക്കേണ്ടത്. ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. പകരം തൽസ്ഥാനത്തേക്ക് മകൻ കണ്ഠരര് ബ്രഹ്‌മദത്തനെ പരിഗണിക്കണമെന്നായിരുന്നു കണ്ഠരര് രാജീവരുടെ ആവശ്യം. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതോടെയാണ് ഈ അസാധാരണ നീക്കം.



إرسال تعليق

0 تعليقات