മുഖ്യമന്ത്രിക്ക് എതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ചു; വി ഡി സതീശന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല

 

മുഖ്യമന്ത്രി വി ഡി സതീശന് എതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ച് സര്‍ക്കാര്‍. വി ഡി സതീശനു പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിനു കഴിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേസ് മറ്റു ഏജന്‍സികള്‍ക്ക് വിടാന്‍ തീരുമാനിച്ചത് രാഷ്ട്രീയ പ്രേരിതമായാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കാന്‍ വേണ്ടിയുള്ള ധനസമാഹരണം നടത്താന്‍ വിദേശയാത്ര നടത്തിയെന്നും ധനസമാഹരണം നടത്തിയെന്നതിലുമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷണം നടത്തിയത്. വിഡി സതീശന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേസുകളില്‍നിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത കേസ് അവസാനിപ്പിക്കാന്‍ ആഭ്യന്തര വിജിലന്‍സ് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ് – രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെ തന്നെ വിജിലന്‍സ് ഈ കണ്ടെത്തല്‍ നടത്തിയതാണെന്നും പിന്നെയാണ് രാഷ്ട്രീയ ലക്ഷ്യത്തില്‍ മറ്റു ഏജന്‍സികള്‍ക്ക് വിടാന്‍ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഇതില്‍ അന്നത്തെ പ്രതിപക്ഷ നേതാവ്, ഇന്നത്തെ മുഖ്യമന്ത്രിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഒരു രൂപയുടെ പോലും ഇടപാടുകള്‍ക്ക് അദ്ദേഹം ഉണ്ടായിട്ടില്ല എന്നുള്ളത് വളരെ വ്യക്തമാണ്. ഞാന്‍ ആ ഫയല്‍ മുഴുവന്‍ പഠിച്ചിട്ടാണ് പറയുന്നത്. നേരത്തെയുള്ള അന്വേഷണത്തിന്റെ ഫയലുകള്‍ പരിശോധിച്ചാല്‍ അറിയാം യാതൊരു തെളിവും അന്നും കണ്ടെത്തിയിട്ടില്ല – രമേശ് ചെന്നിത്തല പറഞ്ഞു.



Post a Comment

0 Comments