ജില്ലാ കളക്ടര്‍, കളക്ട്രേറ്റ്, കണ്ണൂര്‍, കേരളം. കൈയ്യില്‍ക്കിട്ടിയ പോസ്റ്റ് കാര്‍ഡില്‍ കുട്ടികള്‍ തെറ്റാതെ ഇങ്ങിനെ വിലാസമെഴുതി. അതിന് മറുപുറത്തായിരുന്നു നാടിന്റെ വികസന മുന്നേറ്റത്തിനായി സ്വന്തം കാഴ്ചപ്പാടുകളും പരാതികളും എഴുതാനുളള സ്ഥലം. മി്‌നുറ്റുകള്‍ക്കുള്ളില്‍ കുട്ടികളുടെ പോസ്റ്റുകാര്‍ഡുകള്‍ വിഷയ വൈവിധ്യങ്ങളാല്‍ നിറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ മുതല്‍ നാടിന്റെ മാലിന്യ പ്രശ്‌നങ്ങള്‍ വരെ കുട്ടികള്‍ കളക്ടര്‍ക്ക് പരാതിയായി കത്തിലെഴുതി. ഒപ്പം നാലുവരി കാഴ്ചപ്പാടുകളും പങ്കുവെച്ചു. കുട്ടികളുടെ മനസ്സറിയാന്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജാണ് കളക്ട്രേറ്റില്‍ നടന്ന കുട്ടികളുടെ പ്രതിവാര സംവാദം 'കളം' പരിപാടിയില്‍ വേറിട്ട പരീക്ഷണം നടത്തിയത്. കക്കാട് അമൃത വിദ്യാലയത്തിലെയും കൊളവല്ലൂര്‍ പി.ആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളായിരുന്നു ഇത്തവണ കളം പരിപാടിയിലെ അതിഥികള്‍.
പുതിയ തലമുറയുടെ കാഴ്പ്പാടുകളും പൊതുബോധങ്ങളും ഒട്ടും കുറയാത്ത വിധത്തില്‍ കുട്ടികള്‍ ജില്ലാ കളക്ടറോട് പങ്കുവെച്ചു. കായികം, സാഹിത്യം, കല ഇതരമേഖലകള്‍ ഇതില്‍ ഏതിലാണ് നിങ്ങള്‍ കുട്ടികള്‍ക്ക് കൗതുകമെന്ന ചേദ്യത്തില്‍ എല്ലാവരും വേറിട്ട അഭിപ്രായക്കാരായിരുന്നു. വ്യത്യസ്ത അഭിരുചികളിലും ചെറുപ്രായം മുതലെ വളരേണ്ട ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ചായിരുന്നു കളക്ടര്‍ കുട്ടികള്‍ക്കായി നല്‍കിയ ഉപദേശം. കരിയറില്‍ ഏതൊരു മേഖലയിലായാലും പുലരേണ്ട ആത്മാര്‍ത്ഥയുടെ പ്രാധാന്യം ചെറുതല്ല. പാഠപുസ്‌കത്തിലെ അറിവുകള്‍ക്കപ്പുറം ചുറ്റിലുമുള്ള ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം കുട്ടികളും ബോധമുള്ളവരായി മാറണം. എങ്ങിനെ അറിയും എന്ന ചോദ്യത്തിന് സമൂഹ മാധ്യമത്തിലൂടെ എന്നായിരുന്നു കുട്ടികളുടെ പ്രതികരണം. എന്തിന്, എന്തുകൊണ്ട് എന്ന ചോദ്യങ്ങളെല്ലാം ചെറുപ്പം തൊട്ടെ വളരണമെങ്കില്‍ പത്രമടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെയും സഞ്ചരിക്കണം. സമൂഹത്തോട് നീതിയും ധാര്‍മ്മികതയും കുട്ടികള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും വളര്‍ന്നുവരുന്ന തലമുറകളിലാണ് നാളെയുടെ പ്രതീക്ഷയെന്നും ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് കുട്ടികളോടായി പറഞ്ഞു. നഗര മദ്ധ്യത്തിലെ കാള്‍ടെക്‌സ് അടക്കമുള്ള പ്രധാന സ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപത്തിനുള്ള ബിന്നുകള്‍ കുറവാണെന്ന് അമൃത വിദ്യാലയത്തിലെ കുട്ടികള്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്‌കേറ്റിങ്ങ് മത്സരങ്ങള്‍ക്ക് ജില്ലയില്‍ വേദി കുറവാണെന്നായിരുന്നു പി.ആര്‍.എം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ പരാതി. ലഹരി ഉപയോഗം തുടങ്ങി വിവിധങ്ങളായ പരാതികളും കുട്ടികള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതെല്ലാം പരിഹരിക്കാമെന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്നും ജില്ലാ കളക്ടര്‍ കുട്ടികള്‍ക്ക് ഉറപ്പുനല്‍കി.
ലോകത്തെ മാറ്റിമറിച്ച മലാല യൂസഫ്, ഡോ.ബി.ആര്‍.അംബേദ്കര്‍, റോസാ പാര്‍ക്ക്സ്, എ.പി.ജെ അബ്ദുള്‍കലാം എന്നിവരുടെ ജീവിതകഥകൾ കുട്ടികള്‍ ഗ്രൂപ്പ് ഗെയിം സെഷനില്‍ അവതരിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി കുട്ടികള്‍ക്കായുള്ള മോട്ടിവേഷന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥികളും കളം പരിപാടിയുടെ സംഘാടകരായി. ഭരണകൂടത്തെയും സർക്കാർ പദ്ധതികളും അടുത്തറിയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്ന കളം എല്ലാ ബുധനാഴ്ചയുമാണ് കളക്ട്രേറ്റില്‍ നടക്കുക.




0 Comments