ദില്ലിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെയുണ്ടായ ഭരണകൂട ഭീകരതക്കെതിരെ പ്രതികരിച്ചുകൊണ്ട് ഇന്നലെയായിരുന്നു വിസ്മയ മോഹൻലാൽ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. എന്നാൽ ഇതിനുപിന്നാലെ രൂക്ഷമായ വിമർശനമാണ് വിസ്മയക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്. മോഹൻലാലിന്റെ വില കളഞ്ഞെന്നും ഇനി സിനിമ കാണാൻ തിയറ്ററിലേക്കില്ലന്നുമാണ് ഒരാൾ കുറിച്ചത്. തീവ്രവാദികളെ സപ്പോർട് ചെയ്യുന്നു, പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചേദിച്ചാൽ മനസിലാകും, സിനിമയ്ക്ക് ആളെക്കൂട്ടാനുള്ള പ്രതികരണം, രാജ്യത്ത് കലാപം നടത്തുന്നവരെ സപ്പോർട്ട് ചെയ്യുകയാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഫേസ്ബുക്കിലാണ് കടുത്ത വിദ്വേഷ കമന്റുകൾ ഉയർന്നുവന്നത്. വിദ്യാർഥികളുടെ ശബ്ദത്തെ ഭരണകൂടം അടിച്ചമർത്തുന്നതിനെ വിസ്മയ നിശിതമായി വിമർശിച്ചിരുന്നത്. പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം ഇത്തരത്തിലുള്ള ക്രൂരമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് വിസ്മയ കുറിച്ചത്. നാളെ നിങ്ങളുടെ നഗരത്തിലോ, അയൽപക്കത്തോ, സ്വന്തം കുടുംബത്തിലോ ഇത് സംഭവിച്ചേക്കാം. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോയെന്നും വിസ്മയ ചോദിച്ചു.





0 Comments