കുണ്ടറയിലെ സിയാദിന്റെ മരണം; പൊലീസിനെതിരായ ഗുരുതര ആരോപണങ്ങളിൽ മറുപടി പറയാതെ ആഭ്യന്തരമന്ത്രി


കൊല്ലം കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ പൊലീസിനെതിരായ ഗുരുതര ആരോപണങ്ങളിൽ മറുപടി പറയാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് മർദനത്തിനെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു യുവാവ് മരിച്ചത്. കേസിൽ ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചെങ്കിലും പൊലീസിനെതിരായ ആരോപണങ്ങളിൽ മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല. അതേസമയം, മരിച്ച സിയാ​ദിനെ മർദിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാൽ സിയാദിനെ പൊലീസ് മർദിച്ചെന്ന് പരാതിക്കാരിയായ പെൺകുട്ടി പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. സിയാദിനെ പൊലീസ് മർദിക്കുന്നത് താൻ നേരിൽ കണ്ടുവെന്ന് പരാതിക്കാരി പറഞ്ഞു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രീജിത്താണ് മർദിച്ചതെന്നും ജീപ്പിൽ കയറ്റിയതിന് പിന്നാലെയായിരുന്നു മർദിച്ചതെന്നും പെൺകുട്ടി പറഞ്ഞു. സിയാദിനെ മർദിക്കുമ്പോൾ താനും ജീപ്പിൽ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ പെൺകുട്ടി അടിയേൽക്കുമ്പോൾ സിയാദ് നിലവിളിച്ചുവെന്നും പറഞ്ഞു.



Post a Comment

0 Comments