‘ലോകത്ത് മറ്റൊരു രാജ്യത്തിനും അമേരിക്കയെപ്പോലെ ആകാനാവില്ല; സേവ് അമേരിക്ക ആക്ട് പാസ്സാക്കും’; ട്രംപ്


രാജ്യത്തിന്റെ പാരമ്പര്യവും നേട്ടങ്ങളും പ്രകീർത്തിച്ച് ഇരുന്നൂറ്റി അൻപതാം സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്ത് മറ്റൊരു രാജ്യത്തിനും അമേരിക്കയെപ്പോലെ ആകാനാവില്ലെന്ന് നാഷണൽ മാളിലെ അഭിസംബോധനാ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. ഇന്നും കമ്മ്യൂണിസത്തിനെതിരെ ഡോണൾഡ് ആഞ്ഞടിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾ അനുസ്മരിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 250-ാം സ്വാതന്ത്ര്യദിന പ്രസംഗം. ജോർജ് വാഷിങ്ടണ്ണിന്റെ ശവപ്പെട്ടിക്കുമേൽ പൊതിഞ്ഞിരുന്ന 1777ലെ അമേരിക്കൻ പതാകയ്ക്കു മുന്നിൽ അമേരിക്കയിലെ ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയായവരെ എത്തിച്ചു. രണ്ടാം ലോകമഹായുദ്ധത്തിലും വിയറ്റ്‌നാം യുദ്ധത്തിലും കൊറിയൻ യുദ്ധത്തിലും പോരാടിയ സൈനികരെയും ചാന്ദ്രദൗത്യമായ ആർട്ടെമിസ് 2 ദൗത്യത്തിൽ പങ്കെടുത്തവരെയും 1972ലെ അപ്പോളോ 17 ദൗത്യത്തിലെ മൊഡ്യൂൾ പൈലറ്റായിരുന്ന നടന്ന ജാക് ഷ്മിറ്റിനെയും ട്രംപ് വേദിയിലെത്തിച്ചു. ചന്ദ്രോപരിതലത്തിൽ നടന്ന പന്ത്രണ്ടാമത്തെയും അവസാനത്തെയും വ്യക്തിയാണ് ജാക്ക്. സേവ് അമേരിക്ക ആക്ട് പാസ്സാക്കുമെന്നും ആ നിയമത്തിലൂടെ വോട്ട് ചെയ്യാൻ പൗരത്വത്തിന്റെ തെളിവും ഐ ഡി കാർഡും നിർബന്ധമാക്കുമെന്നും ട്രംപ് പറഞ്ഞു. അസുഖം, സൈനിക വിന്യാസം മറ്റ് അസാധാരണ സാഹചര്യങ്ങൾ എന്നിവ ഒഴികെയുള്ള സന്ദർഭങ്ങളിൽ മെയിൽ-ഇൻ ബാലറ്റുകൾ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്ക മുമ്പെന്നതിനേക്കാളും ശക്തവും സുരക്ഷിതവുമാണെന്നും നീക്കം ചെയ്യേണ്ട കാൻസറാണ് കമ്യൂണിസമെന്നും ട്രംപ് പറഞ്ഞു. ഇറാൻ യുദ്ധവും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു. അമേരിക്കയുടെ സുവർണകാലത്തിന്റെ തുടക്കമായെന്നും ദൈവമാണ് അമേരിക്കയുടെ വിധി നിർണയിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കനത്ത മഴയെ തുടർന്ന് ഒരു മണിക്കൂർ വൈകി, പ്രാദേശികസമയം രാത്രി 11 മണിയോടെയാണ് വാഷിങ്ടണ്ണിലെ നാഷണൽ മാളിൽ പരിപാടികൾ ആരംഭിച്ചത്. പ്രസംഗത്തിനുശേഷം ഒരു യുദ്ധവിമാനം മുകളിലൂടെ പറത്തിയതിനു പിന്നാലെ 40 മിനിട്ട് നീണ്ട വെടിക്കെട്ടും നടന്നു.



إرسال تعليق

0 تعليقات