പാലാ നഗരസഭ തര്‍ക്കം; അവിശ്വാസ പ്രമേയ നീക്കത്തിനിടെ അസാധാരണ നടപടിയുമായി ചെയര്‍പേഴ്‌സണ്‍


കോട്ടയം: സ്വതന്ത്ര കൂട്ടായ്മയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍. തുടരെ ദിവസങ്ങളില്‍ കൗണ്‍സില്‍ യോഗം വിളിച്ചാണ് വിചിത്ര നടപടി. തുടർച്ചയായ നാല് ദിവസമാണ് കൗണ്‍സില്‍ യോഗം വിളിച്ചിട്ടുള്ളത്. പതിനാലാം തീയതി മുതല്‍ പതിനേഴാം തീയതി വരെയാണ് തുടര്‍ച്ചയായി യോഗങ്ങളെന്നാണ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഒരു ദിവസം തീര്‍ക്കാന്‍ കഴിയുന്ന അജണ്ടകളാണ് നാല് ദിവസങ്ങളിലായി വിഭജിച്ചിട്ടുള്ളതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനം. അവിശ്വാസം പാസാക്കുമെന്ന് മനസ്സിലായപ്പോള്‍ ചെയര്‍പേഴ്‌സണ്‍ വാശി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു. തുടര്‍ ദിവസങ്ങളിലെ കൗണ്‍സില്‍ യോഗങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ബുദ്ധിമുട്ടെന്നും പ്രതിപക്ഷം പറയുന്നു. സ്വതന്ത്ര കൂട്ടായ്മയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എല്‍ഡിഎഫ് നീക്കം നടത്തിയിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര കൂട്ടായ്മയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു എല്‍ഡിഎഫ് നീക്കം. പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തില്‍ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. മുന്‍പ് പലതവണ ജില്ലാ നേതാക്കള്‍ ശ്രമിച്ചിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളുടെ ഇടപെടല്‍ തേടിയത്. ഒന്നിന് പുറകെ ഒന്നായി തുടരുന്ന തര്‍ക്കങ്ങള്‍ കാരണം ഭരണം അനായാസമായി മുന്നോട്ട് പോകില്ലെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എംപിയും എംഎല്‍എയും അടക്കമുള്ള സകല നേതാക്കളും ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെയൊരു ഭരണം തുടരണോ എന്ന് ചോദിക്കുന്ന നേതാക്കളും കോണ്‍ഗ്രസിലുണ്ട്. ഇതിനെല്ലാം ഒടുവിലാണ് സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയത്. നഗരസഭയിലെ ചില കൗണ്‍സിലര്‍മാരാണ് സ്വതന്ത്ര കൂട്ടായ്മയ്‌ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയതെങ്കിലും ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടി ഒന്നാകെ എതിര്‍പ്പറിയിക്കുകയാണ്. എന്നാല്‍ മണ്ഡലം കമ്മിറ്റിയുടെ പ്രമേയം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് സ്വതന്ത്ര കൂട്ടായ്മയായ പുളിക്കകണ്ടം കുടുംബത്തിന്റെ പ്രതികരണം. മുതിര്‍ന്ന നേതാക്കള്‍ ഔദ്യോഗികമായി അറിയിച്ചാല്‍ നിലപാട് പറയുമെന്നും അവിശ്വാസപ്രമേയത്തിനുള്ള സാഹചര്യം ഒഴിവാക്കുമെന്നും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങള്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. നഗരസഭയിലേത് യുഡിഎഫിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും സ്വതന്ത്ര മുന്നണിയുമായി സഹകരിച്ചാല്‍ അപകടമാണെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെന്നും കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണി മുന്‍പ് പ്രതികരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എം അവരുമായി സഹകരിക്കില്ലെന്നും നഗരസഭ അനാഥമാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കടുത്ത ഭരണപ്രതിസന്ധിയാണ് നിലവിലുള്ളതെന്നും ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ സ്വയം രാജിവെക്കാന്‍ തയ്യാറാകുകയാണെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ട ആവശ്യം വരുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ബിജു പാലൂപടവന്‍ മുന്‍പ് അറിയിച്ചിരുന്നത്.



إرسال تعليق

0 تعليقات