നക്‌സൽ പ്രസ്ഥാനത്തിലേക്ക് പോയവർ പോലും CPIMലേക്ക് തിരിച്ചുവന്നിട്ടുണ്ട്; എം വി ഗോവിന്ദനെ തള്ളി ഇ പി ജയരാജൻ.

 

പാര്‍ട്ടി വിമതരെ തിരിച്ചെടുക്കുന്നതില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നിലപാട് തള്ളി ഇ പി ജയരാജന്‍. തെറ്റ് തിരുത്തിയവരെ തിരിച്ചെടുത്ത ചരിത്രം പാര്‍ട്ടിക്കുണ്ടെന്ന് ഇ പി ജയരാജന്‍  പറഞ്ഞു. നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് പോയവര്‍ പോലും സിപിഐഎമ്മിലേയ്ക്ക് തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ന് ഉണ്ടായ സാഹചര്യമായിരിക്കില്ല ഭാവിയില്‍. ഓരോ കാലഘട്ടത്തിലും കാര്യങ്ങള്‍ പരിശോധിച്ച് പാര്‍ട്ടി നിലപാട് സ്വീകരിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. വിമതരായി പോയവര്‍ ഇപ്പോള്‍ യുഡിഎഫ് എംഎല്‍എമാരാണ്. നിലവില്‍ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. അത് എം വി ജയരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് അതില്‍ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതാണ് പാര്‍ട്ടി നിലപാടെന്നും ഇ പി ജയരാജൻ പറഞ്ഞു.നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. അക്കാര്യങ്ങള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്. സിപിഐ അവരുടെ നിലപാട് പറഞ്ഞതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാക്കാലത്തും ചര്‍ച്ചകളിലൂടെയാണ് ഇത്തരം വിഷയങ്ങള്‍ പരിഹരിച്ചിട്ടുള്ളത്. ഇടതുമുന്നണിയിലെ ഐക്യം ഇല്ലാതാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എം വി ഗോവിന്ദന്റെ നിലപാടിനോട് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഇ പി ജയരാജൻ്റെ നിലപാടെന്നാണ് വിലയിരുത്തല്‍. ടി കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും വര്‍ഗ വഞ്ചകരാണെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കം. തെറ്റ് തിരുത്തിയാല്‍ ഇരുവര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനെ തള്ളിക്കൊണ്ടായിരുന്നു ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും ജി സുധാകരനും വര്‍ഗവഞ്ചകരാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞത്.എം വി ഗോവിന്ദന് വിഭ്രാന്തി ബാധിച്ചിരിക്കുകയാണെന്നായിരുന്നു വിവാദത്തില്‍ ടി കെ ഗോവിന്ദന്‍ എം എല്‍ എ പ്രതികരിച്ചത്. 'എനിക്ക് പാര്‍ലമെന്ററി വ്യാമോഹം എന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴും എംഎല്‍എ ആയിരുന്നു എം വി ഗോവിന്ദന്‍. അത് വിപ്ലവ ബോധം കൊണ്ടാണെന്ന് വിശ്വാസിക്കാമെന്നു'മായിരുന്നു ടി കെ ഗോവിന്ദന്റെ പരിഹാസം. ഭാര്യയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും എം വി ഗോവിന്ദന്റെ വിപ്ലവമായിരുന്നോവെന്നും ടി കെ ഗോവിന്ദന്‍ ചോദിച്ചിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് സിപിഐഎം ഒന്നും പഠിച്ചിട്ടില്ലെന്ന് മുന്‍ സിപിഐഎം നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ വി കുഞ്ഞികൃഷ്ണനും പറഞ്ഞിരുന്നു. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ വിമര്‍ശിച്ചു. ധനരാജ് രക്തസാക്ഷി ദിനാചരണത്തില്‍ നിന്ന് ടി ഐ മധുസൂദനനെ മാറ്റിനിര്‍ത്തണമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.



Post a Comment

0 Comments