ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അസമിൽ 82 മരണം


ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം. അസമിൽ പ്രളയത്തിൽ ഇതുവരെ 82 മരണം സ്ഥിരീകരിച്ചു. അസം ഗുജറാത്ത്, ഒഡീഷ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. അതേസമയം 7 പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്രം 2117.85 കോടി രൂപ എസ്ഡിആർഫ് ഫണ്ട് അനുവദിച്ചു. അസമിൽ 7 ജില്ലകളിൽ പ്രളയം ബാധിച്ചിട്ടുണ്ട്. ഗോലാഘട്ട്, സിവസാഗർ, ചരായിഡിയോ, ബജാലി, ധേമാജി, സോണിത്പൂർ, ജോർഹട്ട് എന്നീ ജില്ലകളിലെ 349 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ദികോവ്, ധൻസിരി നദികൾ നിറഞ്ഞു ഒഴുകുകയാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 82 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പ്രളയം ബാധിക്കപ്പെട്ടവരുടെ എണ്ണം 1.92 ലക്ഷത്തിൽ നിന്ന് 1.78 ലക്ഷമായി കുറഞ്ഞത് ആശ്വാസമായി.ഗുജറാത്ത്, ഒഡീഷ, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. കേരളത്തിൽ ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥ വകുപ്പ് ശാസ്ത്രജ്ഞൻ അർജുൻ ശ്രീ വാസ്തവ പ്രതികരിച്ചു. പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്രം എസ്ഡിആർഫ് ഫണ്ട് അനുവദിച്ചു. അസം, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, നാഗാലാ‌ൻഡ്, ഒഡിഷ,മഹാരാഷ്ട്ര, ഗുജറാത്ത് എന്നി സംസ്ഥാനങ്ങൾക്ക് 2117.85 കോടി രൂപയാണ് മുൻകൂട്ടി അനുവദിച്ചത്. എന്നാൽ പട്ടികയിൽ കേരളത്തിന്റെ പേര് ഇല്ല. അസമിന് 379.35 കോടി രൂപയും അരുണാചൽ പ്രദേശിന് 44.55 കോടി രൂപയും ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നിവയ്ക്ക് 500 കോടി രൂപ വീതവും ഹിമാചൽ പ്രദേശിന് 193.95 കോടിയുമാണ് അനുവദിച്ചത്. അസം, അരുണാചൽ എന്നിവിടങ്ങളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രി തലസമിതിയെയും നിയോഗിച്ചു.



إرسال تعليق

0 تعليقات