കോഴിക്കോട് വടകരയിലെ എംഡിഎംഎ പണമിടപാട് കേസിൽ മൂന്ന് അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ ഒരു യുവാവ് കൂടി കസ്റ്റഡിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസിനെയാണ് പ്രത്യേക അന്യേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയോളം രൂപയുടെ പണമിടപാടാണ് ലഹരിമരുന്നുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
കോഴിക്കോട് വടകര ലഹരി സാമ്പത്തിക ശൃംഖലയിൽ അധ്യാപികമാർ ഉൾപ്പെട്ട സംഭവത്തിൽ വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പേരാമ്പ്ര ബിആർസിയിൽ താത്കാലിക അധ്യാപകരായി ജോലിചെയ്യുന്ന മൂന്ന് അധ്യാപികമാർ ഇതിനോടകം പിടിയിൽ ആയിട്ടുണ്ട്. കീർത്തി, കാവ്യ, നീഷ്മ എന്നീ അധ്യാപകരാണ് പിടിയിലായത്. ഈ കേസിലാണ്, അറസ്റ്റിലായ അധ്യാപികമാരുമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ ജിജിൻ കുര്യാക്കോസിനെ അന്വേഷണസംഘം പിടികൂടിയത്. ഡെലിവറി ബോയ് ആയി ജോലി ചെയ്ത് വരികയാണ് ഇയാൾ.
പിടിയിലായരുടെ ബാങ്ക് ഇടപാടുകളും മൊബൈൽ ഫോൺ കോളുകളും വാട്സ്ആപ്പ് സന്ദേശങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളിൽ ഇവരെയെല്ലാം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇവർ എങ്ങനെ ലഹരി മാഫിയവുമായി ബന്ധം സ്ഥാപിച്ചു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
റിമാൻഡിൽ കഴിയുന്ന കാവ്യയെയും കീർത്തിയേയും ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നത്. കസ്റ്റമർമാരുമായി നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ഇവർ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.







0 تعليقات