പയ്യാവൂരിൽ തകർച്ചയിലായ നാല് പാലങ്ങൾ എം.എൽ.എയും ജില്ലാ കലക്ടറും സന്ദർശിച്ചു


പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ തകർച്ച നേരിടുന്ന നാലു പാലങ്ങൾ ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ്, ജില്ലാ കളക്ടർ പി വിഷ്ണുരാജ്, റവന്യു ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം ചൊവ്വാഴ്ച നേരിൽ പരിശോധിച്ചു. പയ്യാവൂർ, പടിയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ടകശ്ശേരി പാലത്തിലാണ് രാവിലെ പത്തരയോടെ സംഘം ആദ്യമെത്തിയത്. നിലവിൽ ബസ് സർവീസ് ഉള്ള പാലം നേരത്തെ തന്നെ ജീർണാവസ്ഥയിലാണ്. പാലത്തിന്റെ അടിഭാഗത്ത് വിള്ളൽ വ്യാപിച്ചിട്ടുണ്ട്. കൈവരികൾ തകർന്നും തൂണുകൾ തെന്നിനീങ്ങിയതുമായ നിലയുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ പെരുമഴ പാലത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന ആശങ്ക നാട്ടുകാർ പങ്കുവെച്ചു. ചന്ദനക്കാംപാറ ആനയടി പാലം മഴക്കെടുതിയിൽ പൂർണ്ണമായും തകർന്ന നിലയിലാണ്. തകർന്ന പാലത്തിലൂടെ അപ്പുറം കടക്കാൻ നാട്ടുകാർ താൽക്കാലികമായി മരത്തടികൾ വെച്ചു കെട്ടിയാണ് സഞ്ചരിക്കുന്നത്. പാലത്തിനപ്പുറം നിരവധി കുടുംബങ്ങൾ താമസമുണ്ട്. ഈ പാലത്തിന്റെ അടുത്ത് ക്വാറി അനധികൃതമായി പ്രവർത്തിച്ചിരുന്നതായി എം.എൽ.എ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. പരാതി കിട്ടിയപ്പോൾ ഗ്രാമപഞ്ചായത്ത് ഇടപ്പെട്ട് ക്വാറി പ്രവർത്തനം നിർത്തിക്കുകയായിരുന്നു. മൂന്നാമതായി വണ്ണായികടവ് പാലമാണ് സംഘം സന്ദർശിച്ചത്. മഴക്കെടുതിയിൽ ഇരുകൈവരികളും പൂർണമായി തകർന്ന നിലയിലാണ് പാലം. എല്ലാ മഴക്കാലത്തും പാലം കരകവിഞ്ഞൊഴുകുമെന്ന് നാട്ടുകാർ പറഞ്ഞു. മുമ്പ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ബസുകൾ ഓടിയ റൂട്ടാണ്. ആലിൻചോട്-പാറത്തോട്-വാതിൽമട പാലമാണ് സംഘം അടുത്തതായി സന്ദർശിച്ചത്. ഇവിടെ റോഡിന്റെ മുക്കാൽഭാഗവും ഇടിഞ്ഞ നിലയിലാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജനങ്ങൾ താമസിക്കുന്ന ഉന്നതിയിലേക്കുള്ള റോഡാണിത്. പാലങ്ങളുടെ തകർച്ച ചർച്ച ചെയ്തു. എത്രയും പെട്ടെന്ന് പരിഹാര നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടർ എം.എൽ.എയെ അറിയിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു ബെന്നി, വൈസ് പ്രസിഡൻറ് പി.കെ ബാലകൃഷ്ണൻ, വാർഡ് അംഗങ്ങളായ ടെൻസൺ കണ്ണത്തിങ്കര, സിനി പി.ആർ, സഷീബ ടീച്ചർ, സൈമൺ പെരുവക്കുന്നേൽ, ജാൻസി കപ്പുകാലേൽ, ഫാദർ നോബിൾ ഓണംകുളം, തളിപ്പറമ്പ് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ രമേശ് ബാബു, പയ്യാവൂർ വില്ലേജ് ഓഫീസർ ബിജു. ഇ, സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രശാന്തൻ കെ.കെ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.



Post a Comment

0 Comments