തൃശൂരില്‍ നൃത്താധ്യാപികയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

 



 തൃശൂര്‍ ചെറുതുരുത്തിയില്‍ നൃത്താധ്യാപികയെ പുരുഷ സുഹൃത്ത് കഴുത്തു ഞെരിച്ചു കൊന്നു. ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു കൊലപാതകം. പ്രതി വിഗീഷ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയപ്പോഴാണ് കൊലപാതകം പുറലോകമറിയുന്നത്. 


മലപ്പുറം കണ്ണംകുളങ്ങര തീണ്ടേക്കാട് സ്വദേശിനിയായ അന്‍പത്തിയാറുകാരി ധനലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നാല്‍പത്തിയൊന്നുകാരന്‍ വിഗീഷാണ് കഴുത്തുഞെരിച്ച് കൊന്നത്. കഴിഞ്ഞ ആറു വർഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ചെറുതുരുത്തിയിലെ ഹോട്ടലില്‍ ഇന്നലെയാണ് ഇവര്‍ മുറിയെടുത്തത്. വിവാഹം കഴിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെയാണ്, വിഗീഷ് കഴുത്തുഞെരിച്ച് കൊന്നത്. ഇന്നു രാവിലെ മുറി പുറത്തു നിന്ന് പൂട്ടി വീട്ടിലേയ്ക്കു പോയി. സഹോദരിയോട് വിഗീഷ് കാര്യങ്ങള്‍ പറഞ്ഞു. വേഗം പൊലീസില്‍ കീഴടങ്ങാന്‍ സഹോദരി പറഞ്ഞപ്രകാരം നേരെ മലപ്പുറം തേഞ്ഞിപ്പലം സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ പറഞ്ഞു.  ‘ഞാന്‍ ഒരാളെ കൊന്നു’ എന്നായിരുന്നു ഇയാള്‍ പൊലീസിനോടു പറഞ്ഞത്. ധനലക്ഷ്മി വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് പ്രകോപിപ്പിച്ചതെന്ന് പ്രതി പൊലീസിനോടു വെളിപ്പെടുത്തി. 


കെട്ടിടനിര്‍മാണ കരാറുകാരനായ പ്രതി തേഞ്ഞിപ്പലം സ്വദേശിയാണ്. പൊലീസ് എത്തി മുറി തുറന്ന് മൃതദേഹം കണ്ടെടുത്തു. ദീര്‍ഘകാലമായി നൃത്താധ്യാപികയാണ് ധനലക്ഷ്മി. സ്ഥിരമായി മറ്റു ജില്ലകളില്‍ നൃത്തപരിപാടികള്‍ക്കായി പോയിരുന്നു. ഇന്നലെ വീട്ടില്‍ നിന്നിറങ്ങിയതും അങ്ങനെയാണ്. ഇന്നു രാവിലെയാണ് കൊല്ലപ്പെട്ടത്. വിവാഹിതയായ ധനലക്ഷ്മി ഭര്‍ത്താവും രണ്ടു മക്കളുമായി മലപ്പുറത്താണ് താമസം. വിഗീഷ് അവിവാഹിതനാണ്. 



إرسال تعليق

0 تعليقات