മട്ടന്നൂർ: ചാലോട്ടെ മട്ടന്നൂർ അർബൻ സൊസൈറ്റിയിൽ നടന്ന വ്യാജ സ്വർണം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസിൽ കൂട്ടുപ്രതിയായ കുടഗ് സ്വദേശി മുഹമ്മദ് റിസ്വാനെ (37) മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റി പേലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ്, കൂത്തുപറമ്പ് എ.എസ്.പി. സിബി ടോം, ഇൻസ്പെക്ടർ കെ.ആർ. ബിജു എന്നിവരുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ഫൈറൂസ് മുഹമ്മദ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കർണാടകയിലെ കുടക് നപോക്ലു പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രജീഷ്, രതീഷ്, ഷിൻ റോ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചാലോടിലുള്ള ബാങ്കിൽ വ്യാജ സ്വർണം പണയം വെക്കാൻ ശ്രമിക്കുന്നതിനിടെ ബാങ്ക് അധികൃതർ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. സംഭവവുമായി ബന്ധപ്പെട്ട് നിധിൻ, വിഷ്ണു എന്നിവരെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ പെരുവളത്തുപറമ്പ് കെ.പി. നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതികളുടെ ബാങ്ക് ഇടപാടുകളും മൊബൈൽ ഫോൺ കോൺടാക്റ്റ് വിവരങ്ങളും പരിശോധിച്ചപ്പോഴാണ് കേസിൽ റിസ്വാന്റെ പങ്ക് പുറത്തുവന്നത്. തട്ടിപ്പിനായി റിസ്വാൻ എട്ടോളം വളകളും നവാസ് പത്തോളം വളകളും നിതിന് കൈമാറിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് വളകൾ പോലീസ് നേരത്തെ പിടിച്ചെടുത്തിട്ടുണ്ട്. ബാക്കി പതിനഞ്ചോളം വളകൾ വിവിധയിടങ്ങളിൽ പണയം വെച്ചതായാണ് സൂചന. കുടകിൽ സ്വന്തമായി ബിസിനസ് നടത്തുന്ന റിസ്വാൻ കർണാടകയിലെ മടിക്കേരി ടൗൺ, വിരാജ് പേട്ട പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകളിൽ പ്രതിയാണ്. നവാസും റിസ്വാനും തമ്മിൽ മരക്കച്ചവടത്തിനിടയിലാണ് പരിചയപ്പെടുന്നത്. ഉയർന്ന അളവിൽ യഥാർത്ഥ സ്വർണം ചേർത്താണ് ഈ വ്യാജ സ്വർണാഭരണങ്ങൾ നിർമിച്ചിരുന്നത് എന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു. നിർമാണ ചെലവായി ഒരു വളയ്ക്ക് ഏകദേശം 30,000 രൂപയോളം വരുന്നുണ്ടെങ്കിലും ഇത് ബാങ്കുകളിൽ പണയം വെച്ച് ഒരു ലക്ഷം രൂപയ്ക്ക് അടുത്താണ് വായ്പയായി തട്ടിയെടുത്തിരുന്നതും ഇത്തരത്തിൽ ഏകദേശം 11 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് സംഘം നടത്തിയതെന്നും സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

.gif)



0 تعليقات