ദുബായിൽ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം ഉയരുന്നു. ഈ വർഷം ആദ്യ ആറുമാസത്തിനിടെ ദുബായിൽ 1,19,188 ഡ്രൈവിങ് ലൈസൻസുകൾ അനുവദിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിൽ 96,400 എണ്ണം പുതിയ ലൈസൻസുകളാണ്. യുഎഇയുമായി ഡ്രൈവിങ് ലൈസൻസ് കൈമാറ്റത്തിന് അംഗീകാരമുള്ള രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസുകൾ മാറ്റി നൽകിയവ 22,788 എണ്ണമാണ്. ദുബായിലെ ജനസംഖ്യാ വർധനയ്ക്കും സാമ്പത്തിക പ്രവർത്തനങ്ങളുടെ വളർച്ചയ്ക്കുമൊപ്പം ഡ്രൈവിങ് ലൈസൻസിനുള്ള ആവശ്യവും ഉയരുകയാണെന്ന് ആർടിഎ വ്യക്തമാക്കി. താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും ആഗോളതലത്തിൽ കൂടുതൽ പേർ ദുബായിയെ തിരഞ്ഞെടുക്കുന്നതും ഇതിന് കാരണമാകുന്നു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവർമാർക്ക് മികച്ച പരിശീലനം നൽകുന്നതിനും ആർടിഎ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. ആധുനിക പരിശീലന രീതികൾക്കൊപ്പം സ്മാർട്ട് സാങ്കേതികവിദ്യകളും നിർമിതബുദ്ധിയും ഉപയോഗിച്ചാണ് പരിശീലനവും പരിശോധനയും നടത്തുന്നത്. ഡ്രൈവിങ് പരിശീലനത്തിന്റെ ഭാഗമായി മഴ, മൂടൽമഞ്ഞ്, അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള യഥാർഥ റോഡ് സാഹചര്യങ്ങൾ പുനഃസൃഷ്ടിക്കുന്ന സിമുലേറ്ററുകളിലും പരിശീലനം നൽകുന്നു. റോഡിലെ അപ്രതീക്ഷിത സാഹചര്യങ്ങളെ സുരക്ഷിതമായി നേരിടാൻ ഇതിലൂടെ പഠിതാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഡ്രൈവിങ് ടെസ്റ്റിലും സാങ്കേതികവിദ്യയുടെ ഉപയോഗം ശക്തമാക്കിയിട്ടുണ്ട്. പരീക്ഷാകേന്ദ്രങ്ങളിൽ നിർമിതബുദ്ധി, ക്യാമറകൾ, സ്മാർട്ട് സെൻസറുകൾ എന്നിവ ഉപയോഗിച്ച് പഠിതാക്കളുടെ ഡ്രൈവിങ് കഴിവുകൾ കൃത്യമായും സുതാര്യമായും വിലയിരുത്തുന്നു. ഗതാഗത നിയമങ്ങൾ പാലിക്കൽ, വേഗപരിധി, സുരക്ഷിതമായ അകലം പാലിക്കൽ, കാൽനടയാത്രക്കാരുടെ അവകാശങ്ങൾ മാനിക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് നിർബന്ധിത തിയറി പരിശീലനം. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും പ്രത്യേക ബോധവൽക്കരണം നൽകുന്നു.ശരിയായ ലെയിൻ ഉപയോഗം, ട്രാഫിക് സിഗ്നലുകളും റോഡ് അടയാളങ്ങളും മനസ്സിലാക്കൽ, പ്രതിരോധാത്മക ഡ്രൈവിങ് തുടങ്ങിയവയ്ക്കും പരിശീലനത്തിൽ പ്രാധാന്യമുണ്ട്. പെട്ടെന്നുണ്ടാകുന്ന റോഡ് സാഹചര്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് സുരക്ഷിതമായി പ്രതികരിക്കാൻ ഡ്രൈവർമാരെ സജ്ജരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈവിങ് പരിശീലകരുടെ നിലവാരം ഉറപ്പാക്കുന്നതിനും ആർടിഎ പ്രത്യേക മേൽനോട്ട സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങളും ഏകോപിതമാക്കിയിട്ടുണ്ട്. ട്രാഫിക് ഫയൽ തുറക്കുന്നതും കണ്ണുപരിശോധനയും പൂർത്തിയാക്കിയ ശേഷം തിയറി ക്ലാസുകളും വിജ്ഞാനപരീക്ഷയും നടത്തും. തുടർന്ന് പ്രായോഗിക പരിശീലനം, പാർക്കിങ് പരിശോധനകൾ, ആഭ്യന്തര വിലയിരുത്തലുകൾ എന്നിവ പൂർത്തിയാക്കി ആർടിഎയുടെ അന്തിമ റോഡ് ടെസ്റ്റിന് വിധേയരാകണം. റോഡ് സുരക്ഷയും ഗതാഗത സുരക്ഷയും ശക്തിപ്പെടുത്തുന്നതിനൊപ്പം ഉപഭോക്തൃ സംതൃപ്തി ഉയർത്താനും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തമാക്കാനും ഈ നടപടികൾ സഹായിക്കുമെന്ന് ആർടിഎ വ്യക്തമാക്കി.





0 Comments