നാട്ടിലേക്ക് വരാനോ വിദേശയാത്രയ്‌ക്കോ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായി വിമാനായാത്ര ടിക്കറ്റ് നിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍, അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കില്‍ 5 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടായേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിലക്കയറ്റം ദീര്‍ഘദൂര യാത്രക്കാരെയാകും ഏറ്റവും കൂടുതല്‍ ബാധിക്കുക. എന്നാല്‍ വിമാനക്കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരമുള്ള റൂട്ടുകളില്‍ നിരക്ക് വര്‍ധനവ് താരതമ്യേന കുറവായിരിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
നിരക്ക് വര്‍ധനവ്
ആഗോള ഓഡിറ്റിംഗ് സ്ഥാപനമായ ഏണസ്റ്റ് ആന്റ് യംഗിന്റെ കണക്കുകള്‍ പ്രകാരം ക്രൂഡ് ഓയില്‍ വില 100-110 ഡോളറിനിടയിലാണെങ്കില്‍ അന്താരാഷ്ട്ര വിമാന നിരക്ക് 8 മുതല്‍ 15 ശതമാനം വരെ വര്‍ധിക്കും. ഇനി വില 110-120 ഡോളറിലേക്ക് ഉയര്‍ന്നാല്‍ ടിക്കറ്റ് നിരക്കിലെ വര്‍ധനവ് 12 മുതല്‍ 20 ശതമാനം വരെയാകും. ഉത്സവ സീസണിലെ തിരക്ക് വര്‍ധിക്കുന്നതോടെ ഈ അധികച്ചെലവ് യാത്രക്കാര്‍ക്ക് വലിയ ബാധ്യതയാകും. ഗ്രാന്‍ഡ് തോണ്‍ടണ്‍ ഭാരതിന്റെ വിലയിരുത്തല്‍ പ്രകാരം വിവിധ റൂട്ടുകളില്‍ വ്യത്യസ്ത നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. കടുത്ത മത്സരമുള്ള റൂട്ടുകളില്‍ 5-10 ശതമാനം വരെ നിരക്ക് കൂടിയേക്കാം. എന്നാല്‍ അമേരിക്ക പോലെയുള്ള ദീര്‍ഘദൂര റൂട്ടുകളില്‍ ഇത് 10 മുതല്‍ 20 ശതമാനം വരെ വര്‍ധിച്ചേക്കാം.
ഗള്‍ഫ്, യൂറോപ്പ് യാത്രക്കാരെ ബാധിക്കും
ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കും യൂറോപ്പിലേക്കുമുള്ള സര്‍വീസുകളെ ഈ നിരക്ക് വര്‍ധന സാരമായി ബാധിക്കുമെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. വടക്കേ അമേരിക്കയിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളിലും വലിയ വര്‍ധനവുണ്ടാകും. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍ വിമാനക്കമ്പനികള്‍ ഫ്യുവല്‍ സര്‍ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധനവ് കമ്പനികള്‍ യാത്രക്കാരില്‍ നിന്നാകും ഈടാക്കുക.
കാരണമെന്ത്?
മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളുമാണ് ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളില്‍ തുടരാന്‍ പ്രധാന കാരണം. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില 104 ഡോളറിന് താഴെയെത്തിയിരുന്നു. കഴിഞ്ഞ രണ്ട് സെഷനുകളിലായി 3 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇപ്പോഴും വില ഉയര്‍ന്ന നിലയില്‍ തന്നെയാണ് ഉള്ളത്.





0 تعليقات