യുവാവിനൊപ്പമുള്ള വിഡിയോ വൈറൽ; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് തല്ലിക്കൊന്നു.

 



അഹമ്മദാബാദിൽ അതിവേഗത്തിലെത്തിയ വാഹനം ബൈക്കിലിടിച്ച് 22-കാരി മരിച്ച സംഭവം ക്രൂരമായ ‘ദുരഭിമാനക്കൊല’യെന്ന് പൊലീസ്. ഒരു യുവാവിനൊപ്പമുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ആശുപത്രി റിസപ്ഷനിസ്റ്റായ സോഫിയയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തുകയും തുടർന്ന് റോഡപകടമായി ചിത്രീകരിക്കാൻ ശ്രമിക്കുകയുമായിരുന്നു.


ഒരു മാസം മുമ്പാണ് ഈ ക്രൂര സംഭവം നടന്നത്. ഓഗസ്റ്റ് 12ന് രാത്രിയിൽ സോഫിയയുടെ പിതാവ് മുഹമ്മദ് ഫാറൂഖും സഹോദരൻ മുഹമ്മദ് ഹാബിലും ചേർന്ന് അവരെ പുറത്തേക്ക് കൊണ്ടുപോയി.


 യാത്രയ്ക്കിടെ ഗെൽജിപുര ഗ്രാമത്തിന് സമീപമുള്ള ആളൊഴിഞ്ഞ വഴിയിലേക്ക് ബൈക്ക് തിരിച്ച ഹാബിൽ, കൈയിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് സോഫിയയുടെ തലയ്ക്ക് മൂന്ന് തവണ ശക്തമായി അടിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം പ്രധാന റോഡിലേക്ക് മാറ്റുകയും, അതിവേഗത്തിലെത്തിയ വാഹനം ഇടിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ബൈക്കിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.


പിന്നീട് ഗെൽജിപുര ജങ്ഷന് സമീപം വച്ച് ഒരു വാഹനം തങ്ങളുടെ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്നും അപകടത്തിൽ സഹോദരിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്നും, തനിക്ക് നിസ്സാര പരിക്കുകളേറ്റെന്നും പറഞ്ഞ് ഹാബിൽ അധികൃതരെ സമീപിച്ചു. ഗുരുതരമായി പരുക്കേറ്റ സോഫിയയെ സോളാ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണമടഞ്ഞു.


 ഈ സംഭവത്തിൽ പിതാവിനെയും സഹോദരനെയും പ്രതിചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.



Post a Comment

0 Comments