അബുദാബിയിൽ 45 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയിൽ ഇന്ന് ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിൽ അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് വർധിക്കുകയും ഇത് നാളെ രാവിലെ വരെ തുടരുകയും ചെയ്യും. ഇത് മൂടൽമഞ്ഞിന് കാരണമാകാൻ സാധ്യതയുണ്ടെന്നും രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ദൃശ്യപരത കുറയാൻ കാരണമാകുകയും ചെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിരാവിലെ യാത്രചെയ്യുന്ന യാത്രക്കാർ വാഹനം ഓടിക്കുമ്പോൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ദുബായിലും ഷാർജയിലും 42 ഡി​ഗ്രി സെൽഷ്യസാണ് ഏറ്റവും കൂടിയ താപനില. അതേസമയം അബുദാബിയിൽ 45 ഡി​ഗ്രി സെൽഷ്യസ് ആണ് ഏറ്റവും കൂടിയ താപനില. എന്നാൽ ദുബായിൽ 27 ഡി​ഗ്രി സെൽഷ്യസും അബുദാബിയിൽ 29 ഡി​ഗ്രി സെൽഷ്യസും ദുബായിൽ 31 ഡി​ഗ്രി സെൽഷ്യസുമാണ് ഏറ്റവും കുറഞ്ഞ താപനില വരുന്നത്. മിതമായ കാറ്റും അനുഭവപ്പെടും. തെക്ക്കിഴക്കൻ പ്രദേശങ്ങളിൽ നിന്നും വടക്കുകിഴക്കൻ പ്രദേശങ്ങളിലേക്ക് മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേ​ഗത്തിലായിരിക്കും കാറ്റ് വീശുന്നത്. എന്നാൽ ചില സമയങ്ങളിൽ കാറ്റിന്റെ വേ​ഗത മണിക്കൂറിൽ 30 കിലോമീറ്റർ വരെയെത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യൻ ​ഗൾഫ് കടലിലും ഒമാൻ കടലിലും തിരമാലകൾ സാധാരണ രീതിയിലായിരിക്കും തുടരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.15ന് അൽ ദഫ്ര മേഖലയിലെ ബാഡ ദഫാസിൽ രേഖപ്പെടുത്തിയ 48.6 ഡി​ഗ്രി സെൽഷ്യസ് താപനിലയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.