മൂന്ന് വർഷമായി വൈദ്യുതിയില്ലാതെ 60 ആദിവാസി കുടുംബങ്ങൾ; കുട്ടികളുടെ പഠനം മെഴുകുതിരി വെട്ടത്തിൽ


കണ്ണൂർ: വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിട്ട് മൂന്ന് വർഷം കൊട്ടിയൂർ പഞ്ചായത്തിലെ ഒൻപത് ആദിവാസി ഉന്നതികളിലെ 60 കുടുംബങ്ങൾ ഇപ്പോഴും ഇരുട്ടിൽ. വൈദ്യുതി ബിൽ കുടിശ്ശികയായതിനെ തുടർന്നാണ് കുടുംബങ്ങളുടെ കണക്ഷൻ വിച്ഛേദിച്ചതെന്നാണ് വിവരം. 800 രൂപ മുതൽ 28,000 രൂപ വരെയാണ് വിവിധ കുടുംബങ്ങളുടെ കുടിശ്ശിക. പട്ടികജാതി ക്ഷേമ വകുപ്പ് കുടിശ്ശിക തുക അടച്ചിട്ടും വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചില്ലെന്നാണ് കുടുംബങ്ങളുടെ പരാതി. പഴയ വയറിങ് സംവിധാനമുള്ള വീടുകളിൽ പുതിയ കണക്ഷൻ നൽകാൻ കഴിയില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്. വൈദ്യുതിയില്ലാത്തതോടെ കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങൾ പ്രതിസന്ധിയിലായി. മെഴുകുതിരി വെളിച്ചത്തിലാണ് കുട്ടികൾ പഠനം തുടരുന്നതെന്നും പ്രദേശവാസികൾ പറയുന്നു. വീടുകളിലെ വയറിങ് മാറ്റുന്നതിനാവശ്യമായ ഫണ്ട് ലഭ്യമല്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. പ്രശ്‌നത്തിന് പരിഹാരം കാണാൻ നടപടികൾ വൈകുന്നതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. വൈദ്യുതി മന്ത്രിയുടെ മണ്ഡലത്തിൽ തന്നെയാണ് വൈദ്യുതിയില്ലാതെ ആദിവാസി കുടുംബങ്ങൾ കഴിയേണ്ടിവരുന്നത് എന്നതും ശ്രദ്ധേയമാണ്. മൂന്ന് വർഷമായി തുടരുന്ന പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



إرسال تعليق

0 تعليقات