വടകര പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


വടകര: വടകര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 13പേര്‍ ഉള്‍പ്പെടെ 120ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ആയുധം ഉപയോഗിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മുറിവേല്‍പ്പിച്ചു, സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവോണ ദിവസം പതിയാരക്കര മഞ്ചയില്‍ കടവില്‍ അക്രമണം നടത്തിയ ലഹരി സംഘത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കഴിഞ്ഞദിവസം നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്. മാര്‍ച്ചിനിടെ ബാരിക്കേഡ് കടന്ന് പൊലീസ് സ്റ്റേഷനിലേക്ക് കുതിച്ച പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. സംഭവത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെട ആറു പേര്‍ക്കാണ് പരിക്കേറ്റത്. ഒരു മണിക്കൂറോളം സ്റ്റേഷന്‍ മുറ്റത്തിരുന്ന് മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏഴരയോടെയാണ് പിരിഞ്ഞുപോയത്. ഡിവൈഎഫ്‌ഐ പതിയാരക്കര മേഖലാ ജോയിന്റ് സെക്രട്ടറി വിനൂപിനെ തിരുവോണദിവസം ലഹരി മാഫിയ മര്‍ദിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധത്തിലാണ്. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച വൈകിട്ട് മാര്‍ച്ച് നടത്തിയത്. 150ഓളം പ്രവര്‍ത്തകരെ തടയാന്‍ മുപ്പതോളം പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈയ്ക്ക് മുറിവുണ്ട്. സ്റ്റേഷന്‍ മുറ്റത്ത് മുദ്രാവാക്യം വിളിയും പ്രസംഗവും ഡിവൈഎഫ്‌ഐ നടത്തി. പൊലീസിനെതിരെയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി ഉറപ്പുനല്‍കിയെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്.



إرسال تعليق

0 تعليقات