ശബരിമലയില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി; ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി കെ മുരളീധരന്‍


തിരുവനന്തപുരം: ശബരിമലയില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ചില കാര്യങ്ങള്‍ വൈകി എന്നത് വാസ്തവമാണ് അത് ബോര്‍ഡുമായി സംസാരിച്ചു ചെയ്തു വരികയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലകാലത്ത് സര്‍ക്കാരിന്റെ പിന്തുണ തേടി ദേവസ്വം പ്രസിഡണ്ട് കെ ജയകുമാര്‍ മുഖ്യമന്ത്രിയെ കണ്ടു. ശബരിമലയിലെ നടത്തിപ്പിന്റെ പ്രധാന ചുമതല ദേവസ്വം ബോര്‍ഡിനാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മണ്ഡലകാല സമയത്ത് ബോര്‍ഡിനെ മാറ്റാന്‍ ഒരു ശ്രമവും സര്‍ക്കാര്‍ നടത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്നും മുഖ്യമന്ത്രി ഉറപ്പിച്ച് പറയുന്നു. ദേവസ്വം പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ദേവസ്വം മന്ത്രി കെ മുരളീധരന്റെ ഇപ്പോഴത്തെ നിലപാട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ഭക്തര്‍ക്ക് ശബരിമല ദര്‍ശനം ഭംഗിയാക്കുകയാണ് സര്‍ ലക്ഷ്യമെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇതുവരെ സ്വീകരിച്ച നടപടികളില്‍ ഗവണ്‍മെന്റിന് അസംതൃപ്തിയുണ്ട്്. അത് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ല. ശബരിമല ദര്‍ശനം ഭംഗിയായി നടത്തണം. അല്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഗവണ്‍മെന്റിനാണ് വരുന്നത്. പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റുകാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും – അദ്ദേഹം പറഞ്ഞു. തന്നെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിവെപ്പിക്കാന്‍ ചിലര്‍ക്ക് താല്പര്യമുണ്ടെന്ന് കെ ജയകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. മന്ത്രിയുടെ പ്രതികരണങ്ങളില്‍ പ്രസിഡണ്ടിന് അതൃപ്തി ഉണ്ടെങ്കിലും സര്‍ക്കാരിന്റെ പിന്തുണ തേടി കെ ജയകുമാര്‍ മുഖ്യമന്ത്രിയെ കണ്ടു. ബോര്‍ഡിനെ ശത്രുപക്ഷത്ത് നിര്‍ത്തരുതെന്നും എല്ലാ സഹായങ്ങളും ഉണ്ടാവണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.



Post a Comment

0 Comments